പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി അന്വേഷണത്തെ തടസ്സപ്പെടുത്താനെന്ന് നിഗമനം
Posted on: 30 May 2012
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസന്വേഷണം തടസ്സപ്പെടുത്താന്‍ സി.പി.എം നേതാക്കളില്‍ ചിലര്‍ ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമാവുന്നു.
അന്വേഷണസംഘത്തില്‍പെട്ട ഒരു എസ്.ഐ.യെ മുന്‍മന്ത്രികൂടിയായ മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. റിമാന്‍ഡിലായ സി.പി.എം. നേതാവ് പടയങ്കണ്ടി രവീന്ദ്രനെ സന്ദര്‍ശിച്ച ശേഷമാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. സഖാക്കള്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പരിണതഫലം നിങ്ങള്‍ അനുഭവിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരുക്കുമെന്നുമാണ് നേതാവ് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അവരെ സമ്മര്‍ദത്തിലാക്കാനാണെന്നാണ് പോലീസ് കരുതുന്നത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ പൊതുവേദികളിലും പേരെടുത്തു പറഞ്ഞ് സി.പി.എം. നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. മെയ് 26 ന് സി.പി.എം. വടകര റൂറല്‍ എസ്.പി. ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എളമരം കരീം സംസാരിച്ചത്.
അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി. സന്തോഷ്‌കുമാറിനെയും പേരെടുത്തു പറഞ്ഞു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് വേട്ട നടത്തിയ ജയറാം പടിക്കലിനും ലക്ഷ്മണയ്ക്കും പുലിക്കോടനുമുണ്ടായ അവസ്ഥ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടാവുമെന്നും കരീം ഓര്‍മിപ്പിച്ചു. അവരുടെ മക്കളുടെ അവസ്ഥ ഈ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും വരുമെന്ന പരാമര്‍ശത്തിലൂടെ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും സമ്മര്‍ദത്തിലാക്കാനാണ് കരീം ശ്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തിലെ സിജിത്തിന്റെ കൈയില്‍ അരിവാള്‍ചുറ്റിക നക്ഷത്രം പച്ചകുത്തിയതിന്റെ ചിത്രം പത്രങ്ങള്‍ക്കു നല്‍കിയത് വടകര സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു എ.എസ്.ഐ. ആണെന്ന് കരീം ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ വടകരയില്‍ ചില സ്ഥലങ്ങളില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ അന്വേഷണസംഘത്തില്‍ അംഗമല്ല. അതിനിടെ അന്വേഷണസംഘത്തിന്റെ നീക്കങ്ങള്‍ പോലീസിനുള്ളിലെ ചിലര്‍തന്നെ ചോര്‍ത്തിനല്‍കുന്നതായും സൂചനയുണ്ട്.
മാധ്യമ-പോലീസ് ഗൂഢാലോചനയാണ് പാര്‍ട്ടിക്കെതിരായി നടക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. ഇതു വിശദീകരിക്കാന്‍ വ്യാപകമായ പ്രചാരണ പരിപാടികളും സി.പി.എം. നടത്തുന്നുണ്ട്. ഇത്തരം യോഗങ്ങളിലും പോലീസുകാരെ പേരെടുത്തു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്. പോലീസുകാരെ സമ്മര്‍ദത്തിലാക്കി അന്വേഷണത്തിന്റെ വേഗം കുറയ്ക്കാമെന്ന നിഗമനമാണ് ഇതിനു പിന്നിലെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലുള്ളവരുടെ മൊഴികള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അടുത്തദിവസം ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.