റഫീഖ് വധശ്രമം: വടിവാള്‍ കണ്ടെത്തി; ഒരാള്‍ക്കൂടി പ്രതിപ്പട്ടികയില്‍

Posted on: 23 May 2012



ചേലക്കര:സി.പി.എം. വിട്ട് ലീഗില്‍ ചേര്‍ന്ന പഞ്ചായത്തംഗം പി.എം. റഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ ഒന്നാം പ്രതി കട്ടയംതൊടി അഷറഫിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. അക്രമം നടത്താനുപയോഗിച്ചതെന്നു കരുതുന്ന വടിവാള്‍ വീട്ടുപറമ്പില്‍നിന്ന് കണ്ടെത്തി. ഒരാളെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാംപ്രതി മേപ്പാടം തറയില്‍ ഷാജിയുടെ പറമ്പില്‍ നിന്നാണ് 50 സെന്റിമീറ്ററോളം നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് അഷറഫിനെ സഹായിച്ച പുലാക്കോട് സ്വദേശി ഷാനവാസിനെ ഒന്‍പതാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവദിവസം അഷറഫ് ഷാനവാസിനൊപ്പം ബൈക്കിലും സംഘത്തിലെ മറ്റുള്ളവര്‍ ഓട്ടോറിക്ഷയിലും ആക്രമണം നടന്ന വീട്ടിലെത്തി. ആക്രമണശേഷം അഷറഫ് ഷാനവാസിനൊപ്പം ബൈക്കില്‍ മേപ്പാടത്തെത്തി ഷാജിയുടെ പറമ്പിലേക്ക് വടിവാള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് മുന്‍ നിശ്ചയിച്ചതുപോലെ പഞ്ഞി കയറ്റിയ പിക്കപ്പ്‌വാനുമായി പരപ്പനങ്ങാടിയില്‍ ലോഡ് എത്തിച്ചുകൊടുക്കുവാന്‍ അഷറഫ് പോയി. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ബന്ധുവിനും വക്കീലിനുമൊപ്പം കോടതിയില്‍ നേരിട്ട് ഹാജരായി. വരുംദിവസങ്ങളില്‍ മറ്റു പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ. ഹംസ പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/