നെയ്യാറ്റിന്‍കരയില്‍ മന്ത്രിമാര്‍ക്ക് ചുമതല
Posted on: 21 May 2012
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ മന്ത്രിമാരെ ചുമതലപ്പെടുത്തിയതായി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. കഴിയുന്നത്ര സമയം മണ്ഡലത്തില്‍ ചെലവഴിക്കാന്‍ മന്ത്രിമാരോട് കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
നെയ്യാറ്റിന്‍കര ടൗണിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെ. ബാബുവിനെയും ഏല്പിച്ചു. അതിയന്നൂര്‍ പഞ്ചായത്ത് കെ.ബി. ഗണേഷ്‌കുമാറിന് നല്‍കി. തിരുപുറം പഞ്ചായത്തില്‍ കെ.സി. ജോസഫും കുളത്തൂരില്‍ വി.കെ. ഇബ്രാഹിംകുഞ്ഞും തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എം. ഹസ്സന്‍, തമ്പാനൂര്‍ രവി, കെ. മോഹന്‍കുമാര്‍ എന്നിവര്‍ക്കാണ് മണ്ഡലത്തിന്റെ മൊത്തം ചുമതല.
പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി പഞ്ചായത്തുതല അവലോകനയോഗങ്ങള്‍ക്കും കുടുംബയോഗങ്ങള്‍ക്കും യു.ഡി.എഫ്. തുടക്കമിട്ടിട്ടുണ്ട്. അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.പി.സി.സി. പ്രസിഡന്റ് മുഴുവന്‍ സമയവും നെയ്യാറ്റിന്‍കരയിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.