കഷ്ടപ്പെടുന്നവരെ രക്ഷിക്കേണമേ...

Posted on: 09 May 2012


പട്‌ന എക്‌സ്​പ്രസ്സില്‍നിന്ന് സിറാജ് കാസിം




കഷ്ടപ്പാടുകള്‍ താണ്ടിയെത്തുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. വേനലില്‍ വരണ്ടുണങ്ങിയ ആന്ധ്രയിലെ പാടങ്ങള്‍ക്കുനടുവിലൂടെ പട്‌ന എക്‌സ്​പ്രസ് കൂകിപ്പായുമ്പോള്‍ ടീം കേരളയും ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചിരിക്കാം. കാരണം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ലോകകപ്പായ സന്തോഷ് ട്രോഫിയുംതേടി ഒഡിഷയിലേക്കുള്ള അവരുടെ യാത്ര കഷ്ടപ്പാടുകളുടെ പാളങ്ങളിലൂടെയാണ്. ആന്ധ്രയിലെ കത്തുന്ന പകലില്‍ വീശിയടിക്കുന്ന ഉഷ്ണക്കാറ്റില്‍ ഉരുകിയൊലിക്കുന്ന സ്ലീപ്പര്‍കോച്ചുകളില്‍ ഒരു ദുരിതയാത്ര.
കഴിഞ്ഞവര്‍ഷം ഗുവാഹത്തിയില്‍നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍പോയ ടീം കേരളയുടെ കട്ടക്കിലേക്കുള്ള യാത്ര പരമദയനീയമായിരുന്നു. എ.സി. കോച്ച് ലഭിക്കാതിരുന്ന ടീമിന് കിട്ടിയ സ്ലീപ്പര്‍ ബര്‍ത്തുകള്‍ പലയിടത്തായത് ഏറെ ബുദ്ധിമുട്ടായി. നാലുപേര്‍ക്ക് എസ്. ഒന്ന് കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് കിട്ടിയപ്പോള്‍ മറ്റ് നാലുപേര്‍ക്ക് ഏറെ പിറകിലുള്ള എസ്.12-ലാണ് ഇടംകിട്ടിയത്. എസ്.13 കമ്പാര്‍ട്ട്‌മെന്റില്‍ 12 പേര്‍ക്ക് ബര്‍ത്ത് ലഭിച്ചപ്പോള്‍ എ.സി കോച്ചില്‍ നാല് സീറ്റുകള്‍മാത്രമാണ് കേരളടീമിന് കിട്ടിയത്. ആന്ധ്രയിലെ ചൂടുകാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ സ്ലീപ്പര്‍ കോച്ചുകളിലുള്ള കളിക്കാരില്‍ പലരും ഊഴംവെച്ച് എ.സി. കോച്ചില്‍വന്ന് ഇരിക്കുകയായിരുന്നു.
സ്‌പോണ്‍സര്‍ഷിപ്പിലുണ്ടായ ആശയക്കുഴപ്പമാണ് ടീമിന്റെ യാത്ര പ്രശ്‌നത്തിലാക്കിയതെന്ന് മാനേജര്‍ സി.ദാവൂദ് പറഞ്ഞു. വിമാനത്തില്‍ ടീമിനെ കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് കെ.എഫ്.എ. കാര്യങ്ങള്‍ മുന്നോട്ടുനീക്കിയത്. അവസാനനിമിഷം അത് നടക്കാതെവന്നപ്പോള്‍ കൂടുതല്‍ എ.സി. ബര്‍ത്തുകള്‍ക്കായും കെ.എഫ്.എ. ശ്രമംനടത്തിയിരുന്നു. എന്നാല്‍, ട്രെയിനുകളിലെ അവധിക്കാലതിരക്കുമൂലം അതും വിജയിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം എറണാകുളത്തുനിന്ന് പട്‌ന എക്‌സ്​പ്രസ്സില്‍ കട്ടക്കിലേക്ക് പുറപ്പെട്ട ടീമിന് രണ്ടാംദിവസം രണ്ട് എ.സി. ബര്‍ത്തുകൂടി കിട്ടിയെങ്കിലും അത് ഒന്നിനും മതിയാകുമായിരുന്നില്ല.
സ്ലീപ്പര്‍കോച്ചിലെ തീവണ്ടിയാത്ര അല്പം കഷ്ടപ്പാടിലായിരുന്നെങ്കിലും ടീം കേരളയുടെ ആവേശത്തിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. തലേന്നുരാത്രി മുട്ടബിരിയാണിയും രാവിലെ ബ്രഡും ഓംലെറ്റും ഉച്ചയ്ക്ക് വീണ്ടും മുട്ടബിരിയാണിയും കഴിച്ചതുകൊണ്ടാവണം എല്ലാവരിലും ഒരുതരം മുട്ട ഊര്‍ജം നിറഞ്ഞുനിന്നിരുന്നു. ''ചൂടുസമയത്ത് അധികം മുട്ട കഴിക്കരുതെന്നാണ് പറയുന്നത്. പക്ഷേ, ഈ ചൂടില്‍ ഞങ്ങള്‍ കുറേ മുട്ടകഴിച്ചു. യാത്രയുടെ ബുദ്ധിമുട്ടൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല. അടിച്ചുപൊളിച്ച് യാത്രചെയ്യുക, നന്നായി കളിക്കുക, ജയിക്കുക... അതുമാത്രമാണ് മനസ്സില്‍'' തൊട്ടപ്പുറത്ത് കളിക്കാരുടെ മുഖത്തേക്ക് കൗതുകപൂര്‍വം നോക്കിയിരുന്ന ബിഹാറി കുട്ടിയുടെ തലയില്‍ തലോടി ക്യാപ്റ്റന്‍ ജോബി ജോസഫ് പറഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി ദൈവത്തെ ഓര്‍ത്തുപോയി... കഷ്ടപ്പെടുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുമായിരിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/