ഹരിദത്ത് മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് ഭാര്യയുടെ മൊഴി
Posted on: 27 Apr 2012
കൊച്ചി: ആത്മഹത്യ ചെയ്ത സി.ബി.ഐ. അഡീഷണല്‍ എസ്.പി. ഹരിദത്ത് സമ്പത്ത് കൊലക്കേസ് അന്വേഷണത്തില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി മജിസ്‌ട്രേട്ടിന് മൊഴി. ഹരിദത്തിന്റെ ഭാര്യ നിഷയും അവരുടെ സഹോദരന്‍ രാജേഷുമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത്. ഹരിദത്തിന്റെ ആത്മഹത്യയെക്കുറിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അസ്വാഭാവിക മരണമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഞാറയ്ക്കല്‍ പോലീസാണ്. ഡി.ജി.പി. യുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കഴിഞ്ഞ മാസം 15നാണ് ഹരിദത്ത് നായരമ്പലത്തുള്ള വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നിഷയും രാജേഷും മൊഴി നല്‍കിയിട്ടുള്ളത്.
അന്വേഷണത്തില്‍ ഹരിദത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു ഇന്എസ്പക്ടര്മാരായ രാജനും ഉണ്ണികൃഷ്ണന്‍ നായരും. ഇന്‍സ്‌പെക്ടര്‍മാരുടെ നിസ്സഹകരണം അന്വേഷണത്തില്‍ ഹരിദത്തിനെ അലട്ടിയിരുന്നതായി ഭാര്യ നിഷ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട.് അന്വേഷണകാര്യങ്ങള്‍ ഹരിദത്ത് പൊതുവെ പറയാറില്ല. എന്നാല്‍ അതിന്റെ പേരില്‍ മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടായപ്പോള്‍ അത് തന്നോട് പറഞ്ഞിരുന്നുവെന്ന് നിഷ മൊഴിയില്‍ പറഞ്ഞു. കേസ് അന്വേഷണം തെറ്റായ ദിശയില്‍ തിരിച്ചുവിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഹരിദത്തിനെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.
''തന്റെ ഈ അവസ്ഥയ്ക്ക് കാരണം രാജനും ഉണ്ണികൃഷ്ണനുമാണ്. വേറെ ആര്‍ക്കും ഇതില്‍ പങ്കില്ല. അവരാണ് നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ച് തന്നെ ഈ ചതിക്കുഴിയില്‍പ്പെടുത്തിയത്.'' ആത്മഹത്യാക്കുറിപ്പില്‍ ഹരിദത്ത് ഇങ്ങനെ പറഞ്ഞിരുന്നു.
ഇതെക്കുറിച്ച് സി.ബി.ഐ. ഉന്നതതല അന്വേഷണം നടത്തിയശേഷം തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ഇന്‍സ്‌പെക്ടര്‍മാരെ ഗുഹാവട്ടിയിലേക്കും കൊല്‍ക്കത്തയിലേക്കും സ്ഥലം മാറ്റി. ചെന്നൈയില്‍ നിന്ന് അഡീഷണല്‍ എസ്.പി. ജയകുമാര്‍ എത്തി സമ്പത്ത് കേസ് അന്വേഷണം ഏറ്റെടുത്തു.
സി.ബി.ഐ.യിലെയും കേരളാ പോലീസിലെയും ചില ഉന്നതര്‍ ഹരിദത്തിനെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. സമ്പത്ത് കൊലക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് അഡീഷണല്‍ ഡി.ജി.പി. മുഹമ്മദ് യാസിനെയും ഡി.ഐ.ജി. വിജയ് സാഖറെയെയും ഒഴിവാക്കാനായിരുന്നു ഹരിദത്തിന് സമ്മര്‍ദ്ദമുണ്ടായത്. പീഡനം ഭീഷണിയായി ഉയര്‍ന്നപ്പോള്‍ ഹരിദത്തിന് കേന്ദ്ര റിസര്‍വ് പോലീസിന്റെ സംരക്ഷണം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നല്‍കിയിരുന്നു.
സി.ബി.ഐ.യിലെ ജോലി തനിക്ക് മടുത്തുവെന്നും ഹരിദത്ത് തന്റെ മറ്റൊരു സുഹൃത്തിനോട് തുറന്നുപറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിവരുന്നു. ആത്മഹത്യാ കുറിപ്പില്‍ മുന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ഇപ്പോള്‍ ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ ജഡ്ജി ബി. വിജയന്‍, ഹൈക്കോടതിയിലെ സീനിയര്‍ അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവരെക്കുറിച്ചുള്ള പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ഇവരുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കുന്നുണ്ട്.
പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്താണ് പാലക്കാട് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. അന്വേഷണം ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.