കോണ്‍ഗ്രസ് -ലീഗ് തര്‍ക്കം തീരുന്നു

Posted on: 23 Apr 2012


കോണ്‍ഗ്രസ് -ലീഗ് തര്‍ക്കം തീരുന്നു



പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്



കോഴിക്കോട്: അഞ്ചാം മന്ത്രി വിവാദത്തെത്തുടര്‍ന്ന് മുന്നണിബന്ധം തകരുന്ന ഘട്ടത്തിലേക്കുവരെ എത്തിയ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോരാട്ടത്തിന് ഒടുവില്‍ വിരാമം. കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെയും നേതൃത്വത്തില്‍ കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് നേതാക്കളുടെ പരസ്യ പ്രസ്താവന ഒഴിവാക്കി പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചത്.

വയനാട് ഡി.സി.സി.വൈസ് പ്രസിഡന്റിന്റെ മകന്റെ കല്യാണ വേദിയാണ് ദിവസങ്ങളോളം കേരളത്തില്‍ കത്തിനിന്ന വിവാദത്തിന്റെ മഞ്ഞുരുകലിന് വേദിയായത്. വിവാഹച്ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തില്‍ത്തന്നെ അല്പം മാറി നിന്നാണ് നേതാക്കള്‍ തമ്മില്‍ ഇരുപത്തിയഞ്ച് മിനിറ്റോളം ചര്‍ച്ച നടത്തിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായും ഇനി നേതാക്കളാരും പരസ്​പരം വിവാദമുണ്ടാക്കുകയോ പരസ്യ പ്രസ്താവന നടത്തുകയോ ചെയ്യില്ലെന്നും ചര്‍ച്ചയ്ക്കു ശേഷം രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ ലീഗ് നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുതെന്നറിയിച്ച് ഇതിനു ശേഷം ഹൈദരലി തങ്ങള്‍ പത്രക്കുറിപ്പിറക്കുകയും ചെയ്തു.

തീര്‍ത്തും അനൗപചാരികമായ ചര്‍ച്ചയായിരുന്നെങ്കിലും അത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്ന് മുന്നണിബന്ധം സുദൃഢമാക്കാന്‍ ലീഗ് തന്നെ മുന്‍കൈയെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ശിഹാബ്തങ്ങള്‍ തന്നെ ഒരു പ്രസ്താവനയിറക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം പത്രക്കുറിപ്പിറക്കിയത്. അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

അഞ്ചാം മന്ത്രി പദവി സംബന്ധിച്ച് മുന്നണിയിലുണ്ടായ അസ്വാരസ്യം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ആര്യാടന്‍മുഹമ്മദും കെ.മുരളീധരനും ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായി ശനിയാഴ്ച മലപ്പുറത്ത് നടന്ന യോഗത്തില്‍ ഹൈദരലി ശിഹാബ്തങ്ങളും കെ.പി.എ. മജീദും നടത്തിയ പ്രസ്താവനകള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. ലീഗിന്റെ വിട്ടുവീഴ്ചാ മനോഭാവം കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നാണ് മജീദ് പറഞ്ഞത്. എന്തും ക്ഷമിച്ചും സഹിച്ചും അധികകാലം മുന്നോട്ടു പോവാന്‍ കഴിയില്ലെന്നും മജീദ് പറഞ്ഞിരുന്നു. ചില മാലിന്യങ്ങളെ തുടച്ചുനീക്കേണ്ട ജോലിയാണ് മഞ്ഞളാം കുഴി അലിക്കുള്ളതെന്ന് ഹൈദരലി തങ്ങള്‍ നടത്തിയ പ്രസംഗവും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി.

എം.എം.ഹസ്സന്‍ ഞായറാഴ്ച കോഴിക്കോട്ട് പ്രതികരിച്ചത് മജീദിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ്. മുന്നണി വിട്ടുപോവുമെന്ന് ലീഗ് ഭീഷണിപ്പെടുത്തേണ്ടെന്ന മറുപടിയുമായി കെ.മുരളീധരനും രംഗത്തെത്തി. ഇതോടെ കൈവിട്ടുപോവുമെന്നു വന്ന ഘട്ടത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇടപെട്ട് പരസ്യ പ്രസ്താവനകള്‍ വിലക്കി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/