മതനിരപേക്ഷരാഷ്ട്രീയത്തെ യു.ഡി.എഫ്. ബലികൊടുത്തു - പിണറായി

Posted on: 13 Apr 2012



തിരുവനന്തപുരം: അധികാരം നിലനിര്‍ത്താന്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ബലികൊടുക്കുകയാണ്- സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ന്യൂനപക്ഷ സമുദായത്തിന്റെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിലപേശലിനു മുന്നില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടിക്കടി കീഴടങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞ.

ഭരണത്തില്‍ കോണ്‍ഗ്രസിന്റെ പിടി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് മന്ത്രിസഭകളുണ്ടായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ പോലെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി മന്ത്രിമാര്‍ ചാപ്പകുത്തപ്പെട്ട മറ്റൊരുകാലമില്ല.

മുസ്‌ലീം ലീഗും കേരള കോണ്‍ഗ്രസും സാമുദായിക കാര്‍ഡിറക്കിയും ബ്ലാക്‌മെയില്‍ രാഷ്ട്രീയം ഉപയോഗിച്ചും പുതിയ സ്ഥാനങ്ങള്‍ വിലപേശി നേടിയെടുക്കുകയാണ്. ഇത്തരം വിലപേശലിനു മുന്നില്‍ കീഴടങ്ങില്ലായെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനത്തിനും നേതൃയോഗങ്ങളുടെ തീരുമാനത്തിനും പഴയ കടലാസിന്റെ വിലപോലുമില്ലാതായി.

ന്യൂനപക്ഷ സമുദായ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കച്ചവട രാഷ്ട്രീയത്തിന് കീഴടങ്ങുകയും പങ്കാളിയാകുകയും ചെയ്തിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന് പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന് മറയിടാനാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതുകൊണ്ടൊന്നും യു.ഡി.എഫ്. ഭരണം കെട്ടഴിച്ചുവിട്ടിരിക്കുന്ന സങ്കുചിത ജാതി-മത രാഷ്ട്രീയത്തിന്റെ വിപത്തിനെ തടഞ്ഞുനിര്‍ത്താനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/