'നിര്‍മല'യിലെ നായിക ബേബി ജോസഫ് അന്തരിച്ചു

Posted on: 02 Sep 2014കൊച്ചി: ആദ്യകാല മലയാള സിനിമയായ 'നിര്‍മല'യിലെ നായിക ബേബി ജോസഫ് (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കലൂര്‍ ചര്‍ച്ച് റോഡിലെ പുത്തനങ്ങാടി വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അന്ത്യം. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് സെമിത്തേരിമുക്ക് സെന്റ് മേരീസ് ബസലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.
മലയാളികള്‍ ചേര്‍ന്ന് ഒരുക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയുമായി 1948ലാണ് 'നിര്‍മല' ഇറങ്ങിയത്. സിനിമയില്‍ നായികയായിരുന്ന ബേബി ജോസഫിനൊപ്പം നായകനായത് ഭര്‍ത്താവ് ജോസഫ് ചെറിയാനായിരുന്നു. കൊച്ചിക്കാരനായ ജോസഫ് മുണ്ടംപിള്ളിയുടെ നോവലിനെ ആസ്​പദമാക്കി നിര്‍മിച്ച സിനിമയിലേക്ക് നായികയെ അന്വേഷിച്ച് നടന്ന അണിയറ പ്രവര്‍ത്തകര്‍ ജോസഫ് ചെറിയാന്റെ വീട്ടില്‍വച്ചാണ് ബേബി ജോസഫിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന്, ബേബി ജോസഫിനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ താരദമ്പതിമാര്‍ എന്ന പട്ടവും ഇതോടെ ഇവര്‍ സ്വന്തമാക്കി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ മകനുമായ ജോസഫ് ചെറിയാനും ബേബി ജോസഫും പിന്നീട് മറ്റൊരു സിനിമയിലും അഭിനയിച്ചതുമില്ല.
ആദ്യമായി മലയാളിയായ സംവിധായകന്‍ അണിയിച്ചൊരുക്കിയ മലയാള സിനിമ എന്ന വിശേഷണവും 'നിര്‍മല'യ്ക്കുണ്ട്. പി.വി. കൃഷ്ണയ്യരായിരുന്നു സംവിധായകന്‍. ബേബി ജോസഫിന്റെ ഭര്‍ത്താവ് ജോസഫ് ചെറിയാന്‍ 12 വര്‍ഷം മുമ്പാണ് മരിച്ചത്.
മക്കള്‍: പി.ജെ. ചെറിയാന്‍, ലൈസ ജോസ്, ആനി ജോര്‍ജ്, മീര സെബാസ്റ്റിയന്‍, റീത്ത ഉറുമീസ്, റസിയ ടോണി. മരുമക്കള്‍: ജോസ് ജോസഫ്, യു.പി. ജോര്‍ജ്, വി.കെ. സെബാസ്റ്റിയന്‍, ജോവാന്‍, ഉറുമീസ് തെറ്റയില്‍, ടോണി ജോര്‍ജ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/