
നീലേശ്വരം: പി.ബി.യില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് വി.എസ്.അനുകൂല ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ന്നു. നീലേശ്വരം ബസ്സ്റ്റാന്‍ഡ് പരിസരത്തെ 'വി.എസ്.ഓട്ടോ സ്റ്റാന്‍ഡില്‍' ഉയര്‍ത്തിയ ബോര്‍ഡില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ട്. വി.എസ്സിനെ തഴഞ്ഞതിനെതിരെ സംസ്ഥാനത്ത് ആദ്യമായി ഉയര്‍ന്ന പ്രതിഷേധമാണിത്.
ചൊവ്വാഴ്ച പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ട ബോര്‍ഡ് നീക്കാന്‍ ആരുമെത്തിയില്ല. മുഷ്ടിചുരുട്ടി ഇന്‍ക്വിലാബ് വിളിക്കുന്ന വി.എസ്സിന്റെ ചിത്രത്തിനുതാഴെ 'പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണോ കമ്യൂണിസ്റ്റുകാര്‍' എന്നാണ് എഴുതിയിരിക്കുന്നത്.
'കനല്‍വഴികള്‍ താണ്ടിയ ധന്യജീവിതത്തിന്റെ ഉടമ സ. വി.എസ്സിനെ പി.ബി.യില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ച, 80 കഴിഞ്ഞാല്‍ പി.ബി.യില്‍ വേണ്ടെന്ന് നിര്‍ദേശം വെച്ച് കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തിയ നപുംസകശിരോമണികളേ, നിങ്ങള്‍ക്കെല്ലാം നിത്യ യൗവനമായിരിക്കുമെന്ന് നിനയ്ക്കുന്നുവോ? മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരുടെ കമ്മിറ്റിയിലില്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ ഹൃദയങ്ങളിലെന്നും ആവേശമായി ജ്വലിച്ചുനില്‍ക്കും സഖാവ് വി.എസ്. പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല. വീ വാണ്ട് വി. എസ്.' എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
വി.എസ്സിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ആദ്യപ്രതികരണം ഉണ്ടാകുക നീലേശ്വരത്താണ്. ഇക്കുറിയും പതിവ് തെറ്റിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോഴും പി.ബി.യില്‍നിന്ന് മുമ്പ് ഒഴിവാക്കിയപ്പോഴും നീലേശ്വരത്താണ് ആദ്യം പ്രതിഷേധത്തിന് തിരികൊളുത്തിയത്.