ശ്രേയാംസ്‌കുമാറിന്റെ ഭൂമി കൈയേറിയവരെ ഒഴിപ്പിച്ചു
Posted on: 10 Feb 2010
എച്ച്.എം.എല്‍. ചായത്തോട്ടവും കൈയേറി
കൃഷ്ണഗിരി (വയനാട്): എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടം കൈയേറി കുടില്‍കെട്ടിയ സി.പി.എം., എ.കെ.എസ്. പ്രവര്‍ത്തകരെ ചൊവ്വാഴ്ച രാവിലെ റവന്യൂ - പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. അതേസമയം ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയില്‍ 350 ആദിവാസി കുടുംബങ്ങളെത്തി.
ഹാരിസണ്‍സ് മലയാളം പ്ലാന്‍േറഷന്‍ ലിമിറ്റഡിന്റെ (എച്ച്.എം.എല്‍.) ചായത്തോട്ടം തിങ്കളാഴ്ച രാത്രി മുതല്‍ കെ.എസ്.കെ.ടി.യു.വിനെ മുന്‍നിര്‍ത്തി സി.പി.എം. കൈയേറി. വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെ ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ കൈയേറ്റം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് കൃഷ്ണഗിരിയിലെ നന്നായി പരിപാലിച്ചുപോരുന്ന കാപ്പിത്തോട്ടം ഒരുപറ്റം സി.പി.എമ്മുകാര്‍ ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ കൈയേറിയത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ തുടങ്ങിയ ഒഴിപ്പിക്കല്‍ പത്തുമണിയോടെ പൂര്‍ത്തിയാക്കി. സി.പി.എം. സുല്‍ത്താന്‍ബത്തേരി ഏരിയാ സെക്രട്ടറി കെ. ശശാങ്കനും എ.കെ.എസ്. ജില്ലാ സെക്രട്ടറി പി. വാസുദേവനും സംഭവസ്ഥലത്തുണ്ടായിരുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ കുട്ടികളും സ്ത്രീകളുമടങ്ങുന്ന 25ഓളം വരുന്ന ആദിവാസികളെയും കൈയേറ്റ ഭൂമിയില്‍ നിന്നും അറസ്റ്റു ചെയ്ത് പുറത്താക്കി. പത്തുമണിയോടെ ബത്തേരിയില്‍ നിന്നെത്തിയ സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളടങ്ങുന്ന സംഘം പ്രകടനമായി കാപ്പിത്തോട്ടത്തിലേക്ക് വീണ്ടും കടക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇവരെയും അറസ്റ്റു ചെയ്ത് നീക്കി. കൈയേറ്റക്കാരില്‍ പോലീസ് അറസ്റ്റു ചെയ്ത മുപ്പതോളം വരുന്ന സംഘത്തെ കല്പറ്റ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
ആദിവാസികളെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം റവന്യൂ അധികൃതര്‍ ശ്രേയാംസ്‌കുമാറിന്റെ കാപ്പിത്തോട്ടത്തില്‍ കടന്ന് കുടിലുകള്‍ പൂര്‍ണമായി നീക്കം ചെയ്തു. പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ മഹസര്‍ എഴുതി കസ്റ്റഡിയിലെടുത്തു. ഏറെ കാപ്പിച്ചെടികള്‍ വെട്ടിനശിപ്പിച്ചിട്ടുണ്ട്.
സബ് കളക്ടര്‍ എന്‍. പ്രശാന്ത്, ഡെപ്യൂട്ടി കളക്ടര്‍മാരായ എം. അനില്‍കുമാര്‍, പി. അറുമുഖന്‍, കെ. വാസുദേവന്‍, പി. മനോഹരന്‍, എ.ഡി.എം. കെ. വിജയന്‍, ബത്തേരി തഹസില്‍ദാര്‍ പി.പി. പൗലോസ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗവും ഡിവൈ.എസ്.പി.മാരായ പുരുഷോത്തമന്‍ അടിയോടി, എന്‍. ദിവാകരന്‍, പി.എസ്. ഗോപി, മീനങ്ങാടി സി.ഐ. വി.ഡി. വിജയന്‍, എസ്.ഐ. പി. ബാലചന്ദ്രന്‍ കേണിച്ചിറ എസ്.ഐ. ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി.
കൃഷ്ണഗിരിയില്‍ നടന്ന പ്രകടനത്തില്‍ ബത്തേരിയില്‍ നിന്നുള്ളവരായിരുന്നു ഏറെയും. പി.ആര്‍. ജയപ്രകാശ്, യോഹന്നാന്‍, കെ.വി. മോഹനന്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.