കേരളത്തിലെ ബി.പി.എല്‍. ശതമാനം 23.62 ആകും
Posted on: 10 Feb 2010
എം.കെ.അജിത്കുമാര്‍
ബി.പി.എല്‍. പദവിക്ക് പുതിയ മാനദണ്ഡങ്ങള്‍: പകുതിയോളം പേര്‍ ഉള്‍പ്പെടാന്‍ സാധ്യത
ശുപാര്‍ശ വിദഗ്ധസമിതിയുടേത്
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ പകുതി ആളുകളെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കുകയും പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കൊല്ലംതന്നെ ബി.പി.എല്‍. സെന്‍സസ് നടത്തുകയും വേണമെന്ന് ഗ്രാമവികസനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്തു. ഇതനുസരിച്ച് കേരളത്തില്‍ 23.62 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാവും. ഇപ്പോഴിത് 13.37 ശതമാനമാണ്.
പതിനൊന്നാംപദ്ധതി നടപ്പാക്കുന്നതിന് ബി.പി.എല്‍. സര്‍വ്വെ നടത്താന്‍ പുതിയ മാതൃക നിശ്ചയിച്ച്, ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടാനുള്ള സ്വാഭാവികഅര്‍ഹതയും ഒഴിവാക്കാനുള്ള മാനദണ്ഡങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ പട്ടികയ്ക്ക് പത്തുകൊല്ലത്തെ കാലാവധിയും ഉണ്ടാവും. മരണം, മാറിത്താമസം, പുതിയ വീടുകള്‍ മുതലായവ കണക്കിലെടുത്ത് രണ്ടുകൊല്ലത്തിലൊരിക്കല്‍ ബി.പി.എല്‍. പട്ടിക പരിഷ്‌കരിക്കാം.
സമിതിയുടെ ശുപാര്‍ശയും അതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണക്കമ്മീഷന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടും സംസ്ഥാനങ്ങളുടെ അഭിപ്രായവും പരിഗണിച്ചശേഷമാവും കേന്ദ്രമന്ത്രാലയം ഇതുസംബന്ധിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുക. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാപദ്ധതിയുള്‍പ്പെടെ കേന്ദ്രത്തിന്റെ എല്ലാ പിന്നാക്ക ക്ഷേമപദ്ധതികള്‍ക്കും അടിസ്ഥാനമാക്കുക പുതിയ ബി.പി.എല്‍. പട്ടികയാവും.
1973-74 ല്‍ ജനസംഖ്യയുടെ 56 ശതമാനം പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നത്. 1993ല്‍ അത് 35 ശതമാനമായും 2004-05 ല്‍ 28 ശതമാനമായും കുറഞ്ഞു. ദാരിദ്ര്യരേഖ താഴോട്ടു പോയെങ്കിലും ആവശ്യത്തിലും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നവരുടെയും പാവപ്പെട്ടവരുടേയും എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്ന് എന്‍.സി. സകേ്‌സന അധ്യക്ഷനായ 17 അംഗ സമിതി വിലയിരുത്തി. കര്‍ഷക ആത്മഹത്യകളും ഗ്രാമീണമേഖലയിലെ ദുരിതങ്ങളും ദേശീയശ്രദ്ധയില്‍കൊണ്ടുവന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.സായിനാഥ് സമിതിയില്‍ അംഗമാണ്.
ഗ്രാമീണമേഖലയില്‍ പട്ടിണിയുടെ അളവുകോലായി നേരത്തേ നിശ്ചയിച്ചത് ദിവസം ചുരുങ്ങിയത് 2400 കിലോ കലോറി ഊര്‍ജത്തിന്റെ ലഭ്യതയാണ്. ഇത്രയും ഊര്‍ജത്തിനുവേണ്ട ഭക്ഷണം കഴിക്കാത്തവരും ആവശ്യത്തിന് ധാന്യഭക്ഷണം ലഭിക്കാത്തവരും 28.3 ശതമാനത്തിലും കൂടതലുണ്ട്. 2400 കിലോ കലോറി ഊര്‍ജലഭ്യത കണക്കാക്കിയാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 80 ശതമാനത്തിലധികംവരും. ദിവസം 2100 കിലോ കലോറി ഊര്‍ജലഭ്യതയും മാസത്തില്‍ 12.25 കിലോ ധാന്യവും എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യരേഖ 50 ശതമാനമാക്കാന്‍ സമിതി ശുപാര്‍ശചെയ്തത്. 1973- 74 കാലഘട്ടത്തില്‍ നഗരപ്രദേശത്തുള്ളവര്‍ക്ക് നിശ്ചയിച്ചത് 2100 കിലോ കലോറി ഊര്‍ജലഭ്യതയാണ്. അതാണ് ഇപ്പോള്‍ ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് ആവശ്യമാണെന്ന് പറയുന്നത്.
അന്താരാഷട്ര ദാരിദ്ര്യരേഖയ്ക്ക് ലോകബാങ്ക് അടിസ്ഥാനമാക്കുന്ന പ്രതിദിനം 1.25 ഡോളര്‍ വരുമാനം എന്ന കണക്കനുസരിച്ച് നോക്കിയാല്‍ (ദിവസം 20 രൂപയിലും അല്പം കൂടുതല്‍ വരുമാനം) ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 42 ശതമാനത്തോളം വരും. രാജ്യത്തുള്ള 50 ശതമാനം കുട്ടികള്‍ക്കും ആവശ്യത്തിന് തൂക്കമില്ല. ഗ്രാമീണമേഖലയിലെ 75 ശതമാനം സ്ത്രീകള്‍ക്കും രക്തക്കുറവുണ്ട്. ബി.പി.എല്‍/അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡുള്ള കുടുംബങ്ങളുടെ എണ്ണം പത്തരക്കോടിയാണെന്നാണ് ഭക്ഷ്യമന്ത്രാലയംതന്നെ പറയുന്നത്അതായത് 53 കോടി ജനങ്ങള്‍. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍, ജനസംഖ്യയുടെ പകുതി ആളുകളെ ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കുകതന്നെ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
80 ശതമാനത്തിലധികം ബി.പി.എല്‍. കുടുംബങ്ങളുള്ള ജില്ലകള്‍ ഈ കണക്കനുസരിച്ച് നൂറോളം വരും. ഇത്തരം ജില്ലകളില്‍ പ്രത്യേക സര്‍വേയുണ്ടാവില്ല.
ബി.പി.എല്ലുകാരെ നിശ്ചയിക്കുന്നതിന് 2002ല്‍ നടത്തിയ സര്‍വേയിലെ അപാകങ്ങളും അതിനെതിരെ സംസ്ഥാനസര്‍ക്കാറുകളില്‍നിന്നുണ്ടായ എതിര്‍പ്പും ചൂണ്ടിക്കാട്ടിയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയും ഒഴിവാക്കല്‍മാനദണ്ഡവും സര്‍വെ നടത്താനുള്ള രീതിയും വിദഗ്ധസമിതി മുന്നോട്ടുവെച്ചത്.
പുതിയ ബി.പി.എല്‍. പട്ടിക-സ്വാഭാവികമായി ഒഴിവാക്കപ്പെടേണ്ടവര്‍
1.ഗ്രാമീണമേഖലയില്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നിട്ടുനില്‍ക്കുന്നവര്‍. ഈ വിഭാഗത്തില്‍ സര്‍വേയുടെ ആവശ്യംപോലുമില്ല.
2. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ആയി ഒരംഗമെങ്കിലും ജോലിചെയ്യുന്ന കുടുംബം. ഇത്തരക്കാര്‍ ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരും. 93 ശതമാനം തൊഴിലാളികളും അസംഘടിതമേഖലയിലാണ്.3.ഒരു ജില്ലയില്‍ ഒരു കാര്‍ഷികകുടുംബത്തിന്നുള്ള ശരാശരി കൃഷിഭൂമിയുടെ ഇരട്ടി ഭൂമി കൈവശമുള്ളവര്‍(കൃഷിചെയ്യാത്ത ഭൂമിയാണെങ്കില്‍ മൂന്നിരട്ടി).
4. നാലുചക്ര വാഹനമോ മുച്ചക്ര വാഹനമോ ഉള്ള കുടുംബം. നാഷണല്‍ സാമ്പിള്‍സര്‍വെ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഗ്രാമീണ ഇന്ത്യയില്‍ കാറും ജീപ്പുമുള്ള കുടുംബങ്ങള്‍ ഒരുശതമാനമാണ്. കേരളം, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍ മൂന്നുശതമാനവും.
5.ട്രാക്ടര്‍, പവ്വര്‍ ടില്ലര്‍, ഹാര്‍വെസ്റ്റര്‍ തുടങ്ങിയ യന്ത്രവത്കൃത കാര്‍ഷികഉപകരണങ്ങളുള്ള കുടുംബം.
6.സ്ഥിരജോലിയോടെ മാസം 10,000 രൂപയിലധികം ശമ്പളം വാങ്ങുന്ന ഒരംഗം താമസിക്കുന്ന കുടുംബം.
7.ആദായനികുതി നല്‍കുന്നവര്‍.
സ്വാഭാവികമായി ഒഴിവാക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ നടത്താം. ഇരുചക്രവാഹനമുള്ളവരേയും കുഴല്‍ക്കിണര്‍ ഉള്ളവരേയുംമറ്റും ഒഴിവാക്കണമെങ്കില്‍ അതാവാം.
മൊബൈല്‍ഫോണുള്ളവരെ ബി.പി.എല്‍.പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വിദഗ്ധസമിതി അത് തള്ളി. സെല്‍ഫോണിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുന്നതും സ്വാശ്രയ സഹകരണസംഘങ്ങളുംമറ്റും കച്ചവടാവശ്യത്തിന് മൊബൈല്‍ ഉപയോഗിക്കുന്നതും കണക്കിലെടുത്താണിത്.
പുതിയ ബി.പിഎല്‍.പട്ടിക-സ്വാഭാവികമായി ഉള്‍പ്പെടുത്തേണ്ടവര്‍
1.പ്രത്യേകമായി തരംതിരിക്കപ്പെട്ട അതിപുരാതന ആദിവാസിവിഭാഗങ്ങള്‍.
2.പട്ടികജാതി വിഭാഗക്കാരില്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന 'മഹാ ദലിത് ഗ്രൂപ്പുകള്‍'.
3.ആശ്രയമില്ലാതെ ഒറ്റയ്ക്കുള്ള സ്ത്രീ പോറ്റുന്ന കുടുംബം.4.വികലാംഗര്‍ പോറ്റുന്ന കുടുംബം.
5.പ്രായപൂര്‍ത്തിയാകാത്ത കുട്ടി പോറ്റുന്ന കുടുംബം.
6.ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ ഭിക്ഷയെടുക്കുന്ന കുടുംബം.
7.വീടില്ലാത്ത കുടുംബം.
8.കുടിയായ്മപ്പണി ചെയ്യുന്ന ഏതെങ്കിലും ഒരംഗമുള്ള കുടുംബം.
വിവിധ ജനവിഭാഗങ്ങളെയും, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഓരോ കുടുംബത്തിന്റെയും സാമ്പത്തിക, സാമൂഹികപദവി കണക്കാക്കാന്‍ ശുപാര്‍ശകളില്‍ പ്രത്യേക വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.