ആരാധനാസ്വാതന്ത്ര്യം തമിഴ്‌നാട്ടില്‍ സി.പി.എമ്മിനു രഹസ്യമല്ല

Posted on: 10 Feb 2010


കെ.എസ്. ദിലീപ്കുമാര്‍



ചെന്നൈ: മതപരമായ ആരാധനാസ്വാതന്ത്ര്യം സി.പി.എമ്മിനു കേരളത്തില്‍ കീറാമുട്ടിയായെങ്കില്‍, അങ്ങനെ ഒരുപ്രശ്‌നം തമിഴ്‌നാട്ടിലെ സി.പി.എമ്മിനില്ല. പാര്‍ട്ടിപ്രചാരണത്തില്‍ ലെനിനൊപ്പം ക്ഷേത്രത്തിനും പള്ളിക്കും ഇടംകൊടുക്കുന്നതാണ് തമിഴ്‌നാട്ടിലെ രീതി.
പാര്‍ട്ടി സമ്മേളനങ്ങളും ഡി.വൈ.എഫ്.ഐ., സി.ഐ.ടി.യു. യോഗങ്ങളും നടക്കുമ്പോള്‍ മതവും ആചാരങ്ങളും പടിക്കു പുറത്താക്കുന്ന പരിപാടി തമിഴ്‌നാട്ടിലില്ല. കോയമ്പത്തൂരില്‍ സി.പി.എം. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ പച്ചകെട്ടുകയും കതിര്‍ക്കുല സ്ഥാപിക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരില്‍ ഗൃഹപ്രവേശം, കല്യാണം തുടങ്ങി എന്തുവിശേഷം നടന്നാലും പച്ചകെട്ടും.
തമിഴ്‌നാട്ടില്‍ പെരിയാറുടെ ആഹ്വാനപ്രകാരം വഴിനീളെയുള്ള പിള്ളയാര്‍ (ഗണപതി) വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന നിലപാടിലേക്ക് ദ്രാവിഡരാഷ്ട്രീയം പണ്ടു മാറിയിരുന്നു. നിര്‍ബന്ധപൂര്‍വം പൂണൂല്‍ മുറിക്കുക, കുടുമ മുറിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. ''വിഗ്രഹഭഞ്ജനത്തിന്റെ കാലത്ത് അതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി രംഗത്തുവന്നത്''- സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. പത്മനാഭന്‍ ഓര്‍ക്കുന്നു.
രാഹുകാലത്ത് വിവാഹം കഴിച്ച എ.കെ.പി.ക്ക് പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖയെക്കുറിച്ച് സംശയങ്ങള്‍ ഒന്നുമില്ല. ''അത് തുറന്ന രേഖയാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. പാര്‍ട്ടി പ്രവര്‍ത്തകരെ ആരാധനാസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആരും തടയുന്നില്ല'' - അദ്ദേഹം പറഞ്ഞു.
എട്ടാംക്ലാസുവരെ അമ്പലത്തില്‍ പോയിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും സന്ദര്‍ശിച്ചിട്ടുണ്ട്. റോമിലെ പള്ളികളും കണ്ടിട്ടുണ്ട്. അതൊന്നും പാര്‍ട്ടി തടയുന്ന കാര്യങ്ങളല്ല -എ.കെ.പി പറയുന്നു.
യുക്തിവാദിയായ പെരിയാര്‍ പറഞ്ഞ വാക്കുകള്‍ തമിഴ്‌നാട്ടിലെ സി.പി.എമ്മിനു ചേരും. ''എന്നെ കാണുമ്പോള്‍ പലരും ഭസ്മം തരും. അത് വാങ്ങിവയ്ക്കും. ഭസ്മം ആയതുകൊണ്ടു വേണ്ട എന്നു പറയില്ല.'' തമിഴ്‌നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ ഈ വഴിയിലാണ്. പ്രവര്‍ത്തകര്‍ ഫാക്ടറിയിലും മറ്റും ജോലിക്കു വരുമ്പോള്‍ അമ്പലത്തിലെ പ്രസാദവുമായാണ് വരിക. എല്ലാം ഭക്ഷണസാധനങ്ങള്‍. അത് ആദരവുകൊണ്ടും സന്തോഷംകൊണ്ടും പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് കൊടുക്കും. അമ്പലത്തിലെ പ്രസാദമായതുകൊണ്ട് വേണ്ട എന്നു നേതാക്കള്‍ പറയില്ല. പ്രസാദം വാങ്ങി കഴിക്കുന്നത് പാര്‍ട്ടിവിരുദ്ധമാണെന്ന ചിന്ത തമിഴ്‌നാട്ടിലെ നേതാക്കള്‍ക്കില്ല.
ഗിണ്ടിയിലെ സി.ഐ.ടി.യു.ക്കാരുടെ കാര്യത്തില്‍ അമ്പലവും പള്ളിയും മോസ്‌ക്കും മാറ്റിനിര്‍ത്തി മാര്‍ക്‌സിസം ലെനിനിസമില്ല. ലെനിന്റെ ചിത്രത്തിനടുത്ത് അമ്പലവും കുരിശും ചന്ദ്രക്കലയും വരച്ചുചേര്‍ത്തത് അതുകൊണ്ടുതന്നെ.
മറ്റൊരു രസകരമായ കാര്യം; വികസനം വരുമ്പോള്‍ തമിഴ്‌നാട്ടില്‍ അമ്പലവും പള്ളിയുമൊന്നും തടസ്സമല്ല. ഗിണ്ടി റേസ് കോഴ്‌സ് ഫൈ്‌ളഓവര്‍ പണിതത് മുന്നൂറോളം പേര്‍ നമസ്‌കാരത്തിനെത്തുന്ന ജുമാ അത്ത് പള്ളിയുടെ കുറെ ഭാഗം ഇടിച്ചുനിരത്തിക്കൊണ്ടാണ്. സിങ്കനല്ലൂര്‍ ജീവ തെരുവില്‍ ദളിത് കുടുംബങ്ങള്‍ താമസിക്കുന്നിടത്തു വഴിമുടക്കിനിന്ന ഗണപതിക്ഷേത്രം കഴിഞ്ഞദിവസം അധികൃതര്‍ ജെ.സി.ബി. ഉപയോഗിച്ചു പൊളിച്ചുമാറ്റി. തന്തൈ പെരിയാര്‍ കോളനിയിലെ 58 ദളിത് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡില്‍ 19 വര്‍ഷമായി വഴിമുടക്കിനിന്നതാണ് 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്രം. അടുത്തുള്ള അമ്മന്‍ ക്ഷേത്രത്തിലേക്ക് വിനായകപ്രതിഷ്ഠ മാറ്റിവച്ചശേഷമാണ് അധികൃതര്‍ അമ്പലംപൊളിച്ചത്. പ്രതിഷേധം എങ്ങുനിന്നുമുണ്ടായില്ല.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/