ഡോട്ട് കോമിന് 25 തികയുന്നു; ഐ.ടി. ലോകം ആഘോഷത്തിന്
Posted on: 10 Feb 2010
ബാംഗ്ലൂര്‍: ലോകത്തെ ആദ്യ ഡൊമെയിന്‍ നാമശ്രേണിയായ ഡോട്ട് കോം - (.com) ഇരുപത്തിയഞ്ചാം വയസ്സിലേക്ക്. ആദ്യ ഡോട്ട് കോം നാമമായ symbolics.com 1985 മാര്‍ച്ച് 15നാണ് രജിസ്റ്റര്‍ ചെയ്തത്. 25-ാം വാര്‍ഷികദിനമായ 2010 മാര്‍ച്ച് 15 ആഘോഷമാക്കിമാറ്റാന്‍ ഐ.ടി. ലോകം തയ്യാറെടുക്കുകയാണ്.
1960കളില്‍ ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റ് നിലവില്‍വന്നശേഷം സംഖ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നാമരീതിയാണ് അവലംബിച്ചുവന്നിരുന്നത്-ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ഐ.പി.) സംഖ്യകളെ അടിസ്ഥാനമാക്കി. എന്നാല്‍, ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ കൂടുകയും വെബ്‌സൈറ്റുകളുടെ എണ്ണം പെരുകാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതും ലളിതവും ഓര്‍മിക്കാന്‍ എളുപ്പമുള്ളതുമായ നാമരീതി ആവശ്യമായി വന്നത്. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ വിസ്‌കോണ്‍സില്‍ സര്‍വകലാശാല 1984ല്‍ ആദ്യത്തെ 'നെയിം സെര്‍വര്‍' (പേരു നല്‍കുന്ന സെര്‍വര്‍) വികസിപ്പിച്ചതോടെയാണ് പുതിയ ഡൊമെയിന്‍ നാമരീതി പ്രാവര്‍ത്തികമായത്.
ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് ആദ്യമായി രജിസ്റ്റര്‍ ചെയ്ത നാമം 1985 ജനവരി ഒന്നിലെ nordu.net എന്നതാണെങ്കിലും ഇത് പുതിയ സംവിധാനത്തിന്റെ സെര്‍വര്‍ റൂട്ടായി ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെയാണ് അമേരിക്കയിലെ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ സിമ്പോളിക്‌സ് കമ്പനിക്കുവേണ്ടി രജിസ്റ്റര്‍ ചെയ്ത symbolics.com ആദ്യത്തെ വാണിജ്യ ഡൊമെയിന്‍ നാമമായും ഡോട്ട് കോം ആദ്യ ഡൊമെയിന്‍ നാമശ്രേണികളും ചരിത്രത്തിലിടം നേടിയത്. തുടര്‍ന്ന് അതേവര്‍ഷം തന്നെ -.edu, .gov, .org, .uk എന്നീ ശ്രേണികളും അനുവദിച്ചു. ഇന്ന് ലോകത്ത് ഇതുവരെ 20 കോടി ഡൊമെയിന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും ശരാശരി 40,000 എണ്ണം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
തുടക്കത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഡോട്ട് കോം ശ്രേണി പിന്നീട് ഉദാരമായി അനുവദിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റിലെ ഏറ്റവും ജനകീയമായ മേല്‍വിലാസമായി മാറുകയായിരുന്നു.
പ്രമുഖ ബഹുരാഷ്ട്ര ഐ.ടി. കമ്പനിയായ വെരിസൈന്‍ അവരുടെ ഇന്ത്യയിലുള്‍പ്പെടെയുള്ള സോഫ്റ്റ്‌വേര്‍ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 ലോക ഡോട്ട്‌കോം ദിനമായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ആഘോഷവിശേഷങ്ങള്‍ ലോകത്തെ അറിയിക്കാനായി www.25yearsof.comഎന്ന വെബ്‌സൈറ്റും തുറന്നിട്ടുണ്ട്. ബാംഗ്ലൂരില്‍ എസ്.ടി.പി.ഐ.യിലെ ഐ.ടി. കമ്പനികളും ആഘോഷത്തിന് തയ്യാറെടുക്കുകയാണ്.
ആദ്യ ഡോട്ട്‌കോം വിലാസം 25 വയസ്സു തികയ്ക്കുമ്പോള്‍ പക്ഷേ, അതിപ്പോള്‍ സിമ്പോളിക്‌സ് കമ്പനിയുടെ നിയന്ത്രണത്തിലല്ല. റിയല്‍എസ്റ്റേറ്റ് നിക്ഷേപ കമ്പനിയായ എക്‌സ്.എഫ്. ഡോട്ട് കോം ഉടമ ആരോണ്‍ മിസ്റ്റിഡ് 2009 ഒക്ടോബര്‍ ഒന്നിന് അത് വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. 29-കാരനായ ആരോണിന്റെ ബ്ലോഗാണിപ്പോഴത്. എന്തുവിലയ്ക്കാണ് കച്ചവടം നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയ്ക്ക് കൈമാറിയ ഡോട്ട് കോം നാമം ലെഃ.രീാ ആണ്. 14 ദശലക്ഷം ഡോളറിനാണ് (ഏകദേശം 63 കോടി രൂപ) 2006-ല്‍ ഇത് വിറ്റുപോയത്.