ബി.പി.എല്‍. പട്ടിക: ഒഴിവാക്കപ്പെടേണ്ടവര്‍, ഉള്‍പ്പെടുത്തേണ്ടവര്‍
Posted on: 10 Feb 2010
ബി.പി.എല്‍. പട്ടിക
ന്യൂഡല്‍ഹി: ഗ്രാമവികസനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാഭാവികമായി ഒഴിവാക്കപ്പെടേണ്ടവരും ഉള്‍പ്പെടുത്തേണ്ടവരും ഇവരൊക്കെയാണ്.
ഒഴിവാക്കപ്പെടേണ്ടവര്‍
1.ഗ്രാമീണമേഖലയില്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നിട്ടുനില്‍ക്കുന്നവര്‍. ഈ വിഭാഗത്തില്‍ സര്‍വേയുടെ
ആവശ്യംപോലുമില്ല.
2. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ആയി ഒരംഗമെങ്കിലും ജോലിചെയ്യുന്ന കുടുംബം. ഇത്തരക്കാര്‍ ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരും. 93 ശതമാനം തൊഴിലാളികളും അസംഘടിതമേഖലയിലാണ്.
3.ഒരു ജില്ലയില്‍ ഒരു കാര്‍ഷികകുടുംബത്തിന്നുള്ള ശരാശരി കൃഷിഭൂമിയുടെ ഇരട്ടി ഭൂമി കൈവശമുള്ളവര്‍(കൃഷിചെയ്യാത്ത ഭൂമിയാണെങ്കില്‍ മൂന്നിരട്ടി).
4. നാലുചക്ര വാഹനമോ മുച്ചക്ര വാഹനമോ ഉള്ള കുടുംബം. നാഷണല്‍ സാമ്പിള്‍സര്‍വെ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഗ്രാമീണ ഇന്ത്യയില്‍ കാറും ജീപ്പുമുള്ള കുടുംബങ്ങള്‍ ഒരുശതമാനമാണ്. കേരളം, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍ മൂന്നുശതമാനവും.
5.ട്രാക്ടര്‍, പവ്വര്‍ ടില്ലര്‍, ഹാര്‍വെസ്റ്റര്‍ തുടങ്ങിയ യന്ത്രവത്കൃത കാര്‍ഷികഉപകരണങ്ങളുള്ള കുടുംബം.
6.സ്ഥിരജോലിയോടെ മാസം 10,000 രൂപയിലധികം ശമ്പളം വാങ്ങുന്ന ഒരംഗം താമസിക്കുന്ന കുടുംബം.
7.ആദായനികുതി നല്‍കുന്നവര്‍. സ്വാഭാവികമായി ഒഴിവാക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചില കൂട്ടിച്ചേര്‍ക്കല്‍ നടത്താം. ഇരുചക്രവാഹനമുള്ളവരേയും കുഴല്‍ക്കിണര്‍ ഉള്ളവരേയുംമറ്റും ഒഴിവാക്കണമെങ്കില്‍ അതാവാം.
മൊബൈല്‍ഫോണുള്ളവരെ ബി.പി.എല്‍.പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വിദഗ്ധസമിതി അത് തള്ളി. സെല്‍ഫോണിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുന്നതും സ്വാശ്രയ സഹകരണസംഘങ്ങളുംമറ്റും കച്ചവടാവശ്യത്തിന് മൊബൈല്‍ ഉപയോഗിക്കുന്നതും കണക്കിലെടുത്താണിത്.
ഉള്‍പ്പെടുത്തേണ്ടവര്‍
1.പ്രത്യേകമായി തരംതിരിക്കപ്പെട്ട അതിപുരാതന ആദിവാസിവിഭാഗങ്ങള്‍.
2.പട്ടികജാതി വിഭാഗക്കാരില്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന 'മഹാ ദലിത് ഗ്രൂപ്പുകള്‍'.
3.ആശ്രയമില്ലാതെ ഒറ്റയ്ക്കുള്ള സ്ത്രീ പോറ്റുന്ന കുടുംബം.
4.വികലാംഗര്‍ പോറ്റുന്ന കുടുംബം.
5.പ്രായപൂര്‍ത്തിയാകാത്ത കുട്ടി പോറ്റുന്ന കുടുംബം.
6.ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ ഭിക്ഷയെടുക്കുന്ന കുടുംബം.
7.വീടില്ലാത്ത കുടുംബം.
8.കുടിയായ്മപ്പണി ചെയ്യുന്ന ഏതെങ്കിലും ഒരംഗമുള്ള കുടുംബം.
വിവിധ ജനവിഭാഗങ്ങളെയും, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഓരോ കുടുംബത്തിന്റെയും സാമ്പത്തിക, സാമൂഹികപദവി കണക്കാക്കാന്‍ ശുപാര്‍ശകളില്‍ പ്രത്യേക വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.