ക്ഷാമം പരിഹരിക്കാന്‍ ഷോളാപൂരില്‍ നിന്ന് പാല്‍

Posted on: 10 Feb 2010



തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ക്ഷാമം പരിഹരിക്കാന്‍ മഹാരാഷ്ട്രയിലെ ഷോളാപൂരില്‍ നിന്ന് പാല്‍ കൊണ്ടുവരാന്‍ മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കര്‍ണാടക പാല്‍ തരുന്നത് ബുധനാഴ്ച നിര്‍ത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് പകരം ഷോളാപൂരില്‍ നിന്ന് പാല്‍ എടുക്കാന്‍ തീരുമാനമായത്.

ക്ഷാമം തീരുന്നത് വരെ മഞ്ഞകവര്‍പാല്‍ മാത്രം ഉല്പാദിപ്പിക്കാനും ഇതിന്റെ ഉല്പാദനം കൂട്ടാനും യോഗം തീരുമാനിച്ചു. ഷോളാപൂരില്‍ നിന്ന് പാല്‍ കൊണ്ടുവരുമ്പോള്‍ മില്‍മയ്ക്ക് ഉണ്ടാകുന്ന അധികസാമ്പത്തിക ബാദ്ധ്യത സര്‍ക്കാര്‍ വഹിക്കും.

ആഭ്യന്തര വിപണിയില്‍ മില്‍മയ്ക്ക് പാല്‍തരുന്നവര്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത് ഡെയറിഫാം ഇന്‍സ്‌പെക്ടര്‍മാരുടെ സ്‌ക്വാഡ് തടയും.

മില്‍മ ഗ്രാമപ്രദേശങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത് നിയന്ത്രിക്കും. ഈ കാലയളവില്‍ സ്വകാര്യ ഡെയറികളുടെ പാല്‍ മില്‍മയുടെ സഹായത്തോടെ ഗ്രാമപ്രദേശങ്ങളില്‍ എത്തിക്കും. പകരം മില്‍മ നഗരപ്രദേശത്ത് പാല്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും യോഗത്തില്‍ തീരുമാനമായി.

മന്ത്രി സി. ദിവാകരന് പുറമേ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. വിജയകുമാര്‍, ഡെയറി ഡെവലപ്പുമെന്റ് ഡയറക്ടര്‍ സരോജിനി, മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ്, എം. ഡി. ബേബി, എം. ഡി. ബേബിജോസഫ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് എം. ഡി., ഡോ. അനി എസ്. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/