സി.പി.എം. ഭീകര പ്രസ്ഥാനമായി മാറി - യുവജനതാദള്‍

Posted on: 10 Feb 2010



തിരുവനന്തപുരം: രാഷ്ട്രീയപരമായി എതിരഭിപ്രായമുള്ളവരുടെ സ്വത്തുക്കളും ജീവനും കൊള്ളയടിക്കുന്ന ഫാസിസ്റ്റ് ഭീകര പ്രസ്ഥാനമായി സി.പി.എം. മാറിയിരിക്കുകയാണെന്ന് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഭൂസമരത്തിന്റെ പേരില്‍ സി.പി.എം. നിയമം കൈയിലെടുക്കുകയാണ്. സംഘടിത ശക്തിയുള്ള രാഷ്ട്രീയ പാര്‍ട്ടി എതിര്‍ അഭിപ്രായമുള്ളവരെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിപരമായ പകപോക്കല്‍ നടത്തുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമുതല്‍ തുടങ്ങിയതാണിത്. ഭൂനിയമം നടപ്പിലാക്കാനും കൈയേറ്റഭൂമി കണ്ടെത്താനും സര്‍ക്കാര്‍ സംവിധാനമുണ്ടായിരിക്കെ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളത്.

ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ ഭൂമി കൈയേറിയ സി.പി.എം. പ്രവര്‍ത്തകരുടെ നടപടിയില്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും മൗനം പാലിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സബാഹ് പറഞ്ഞു. 1942 മുതല്‍ പുഞ്ച ചീറ്റുള്ള ഭൂമിയാണ് ശ്രേയാംസ്‌കുമാറിന്‍േറത്. ഇതേപോലെ ഭൂമിയുള്ള ആളാണ് കൃഷ്ണപ്രസാദ് എം.എല്‍.എ.യും. ബത്തേരിയില്‍ കൃഷ്ണപ്രസാദിന്റെ പേരിലുള്ള ഭൂമിയിലും അവകാശവാദം ഉന്നയിക്കാന്‍ സി.പി.എം. തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.

ഗുണ്ടാ - മാഫിയ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സി.പി.എം. നേതൃത്വത്തിലുള്ള ദുര്‍ഭരണത്തിനെതിരെ ബഹുജന കൂട്ടായ്മ ഉയര്‍ത്തികൊണ്ടുവരുന്നതിനായി ഫിബ്രവരി 15 ന് ജില്ലാ കേന്ദ്രങ്ങളില്‍ യുവജനതാദള്‍ ബഹുജന സംഗമം നടത്തുമെന്ന് സബാഹ് പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/