കലാലോകത്ത് ഏറ്റുമുട്ടല്‍ പാടില്ല - ജി. സുധാകരന്
കൊച്ചി: കലാകാരന്മാര്ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കലാലോകത്ത് ഏറ്റുമുട്ടല്‍ പാടില്ലെന്നും സഹകരണ മന്ത്രി ജി. സുധാകരന്. കൊച്ചിയില്‍ സിനിമ, ടെലിവിഷന്‍ കലാകാരന്മാരുടെ സഹകരണ സംഘം (ആക്ട്കോസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല രാഷ്ട്രീയം പോലെയല്ല, രാഷ്ട്രീയത്തില്‍ എല്ലാവരുടെയും ലക്ഷ്യങ്ങളും ആശയങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ കലാകാരന്മാരുടെ ലക്ഷ്യം ഒന്നാണ്. ജനങ്ങളെ ആനന്ദത്തിലെത്തിക്കുകയാണ് കലയുടെ ലക്ഷ്യം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ജാതി, മത, രാഷ്ട്രീയ അടിസ്ഥാനത്തില്‍ സഹകരണ സംഘം നടത്താനാകില്ല. ജനങ്ങളെ നവീകരിക്കുകയാണ് കല ചെയ്യേണ്ടത്. എല്ലാവരുടെയും ഐക്യമാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. പുതിയ സഹകരണ സംഘത്തിന് സര്‍ക്കാരില്‍ നിന്ന് നിയമ പ്രകാരമുള്ള എല്ലാ സഹായങ്ങളും നല്‍കും. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടുകൊണ്ടു പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ചടങ്ങില്‍ ആദരിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പുതിയ കാല്‍വയ്പാണ് സഹകരണ സംഘമെന്നും വലിയ പ്രസ്ഥാനമായി ഇത് വളരണമെന്നും മോഹന്‍ലാല്‍ ആശംസിച്ചു.
സഹകരണം ഒരു സംസ്കാരമാണെന്നും ഉള്ളവര്‍ ഇല്ലാത്തവനു കൊടുക്കുകയാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കാന്‍ കഴിയില്ല. ഈ രംഗത്തുള്ളവരുടെ വേദനകള്‍ തുല്യമാണ്. ഇതിനു പരിഹാരമായാണ് സഹകരണ സംഘമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സിനിമ, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും സൊസൈറ്റിയില്‍ അംഗമാകാമെന്ന് ആക്ട്കോസ് പ്രസിഡന്റ് കെ.ബി. ഗണേഷ്കുമാര് പറഞ്ഞു. സിനിമ, ടെലിവിഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സൊസൈറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്. അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനം എന്നിവയും ആക്ട്കോസ് ലക്ഷ്യമിടുന്നുണ്ട്. പ്രായാധിക്യം, ശാരീരിക അവശതകള്‍ എന്നിവ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാന്‍ പെന്ഷന് പദ്ധതിയും ക്ഷേമപദ്ധതികളും നടപ്പാക്കും.
അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ബി. ഉണ്ണികൃഷ്ണന്, ജഗദീഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ദിനേശ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ട്കോസ് സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് സ്വാഗതവും നടന് രവി വള്ളത്തോള്‍ നന്ദിയും പറഞ്ഞു.