ബി.ടി. വഴുതന: ജനകീയ പ്രതിരോധത്തിന്റെ ആഹ്ലാദത്തില്‍ മാരാരിക്കുളം

Posted on: 10 Feb 2010



മാരാരിക്കുളം: ബി.ടി. വഴുതനക്കെതിരെ ആദ്യ ജനകീയ പ്രതിരോധം ഉയര്‍ന്ന മാരാരിക്കുളം ഗ്രാമം ആഹ്ലാദത്തിലാണ്. ബി.ടി.വഴുതനയുടെ വിപണനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക നിരോധനം മാരാരിക്കുളത്തെ കര്‍ഷകര്‍ക്ക് നൂറുമേനി വിളവ് ലഭിച്ചതിന്റെ വിജയ ലഹരിയാണ് നല്‍കുന്നത്.

രാജഭരണ കാലം മുതല്‍ മാരാരിക്കുളം വഴുതന പ്രസിദ്ധമാണ്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേയ്ക്ക് പച്ചക്കറി എത്തിച്ചിരുന്നവരില്‍ പ്രധാനികള്‍ മാരാരിക്കുളത്തെ കര്‍ഷകരായിരുന്നു. കാര്‍ഷിക വിഭവങ്ങളില്‍ മാരാരിക്കുളത്തെ പ്രത്യേക ഇനമായ വഴുതനയ്ക്ക് രാജകൊട്ടാരത്തില്‍ മുന്തിയ പരിഗണനയാണ് ലഭിച്ചിരുന്നത്. മെലിഞ്ഞ നീളം കൂടിയ വഴുതന രുചിയില്‍ ഒന്നാമതായിരുന്നു. ജനിതക വഴുതനയുടെ വരവ് അറിഞ്ഞ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആദ്യം പരമ്പരാഗത വഴുതന കര്‍ഷകരുടെ യോഗം വിളിച്ചു. മാരാരിക്കുളം വഴുതന നെഞ്ചോട് ചേര്‍ത്ത് വഴുതന കര്‍ഷകര്‍ ബി.ടി.വഴുതനക്കെതിരെ പ്രതിജ്ഞ എടുത്തു.

ബി.ടി. വഴുതനക്കെതിരെ ദേശീയ സെമിനാര്‍ എന്ന ആശയവുമായി ധനമന്ത്രിയും മാരാരിക്കുളം എം.എല്‍.എ.യുമായ ഡോ.ടി.എം.തോമസ് ഐസക് രംഗത്ത് വന്നപ്പോള്‍ കര്‍ഷകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ പി.ഡി.എസ്. ഒന്നര ലക്ഷം മാരാരിക്കുളം വഴുതന തൈകള്‍ തയ്യാറാക്കി.

ചേര്‍ത്തല താലൂക്കിലെ കോളേജുകളിലെ എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങി വഴുതന തൈ വിതരണം ചെയ്തു. കര്‍ഷകര്‍ ബി.ടി. വഴുതനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഗ്രാമം മുഴുവനും വഴുതന കൃഷി വ്യാപിപ്പിച്ചു. തുടര്‍ന്ന് ഡിസംബര്‍ 27 മുതല്‍ ജനവരി 3 വരെ നീണ്ട മാരാരിക്കുളം വഴുതനോത്സവം ശ്രദ്ധ പിടിച്ചുപറ്റി.

ബി.ടി.വഴുതനയുടെ വിപണനം നിരോധിക്കണമെന്ന് പ്രഖ്യാപിക്കണമെന്നതായിരുന്നു വഴുതനോത്സവത്തിലെ ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടതെന്ന് വഴുതനോത്സവത്തിന്റെ മുഖ്യസംഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നാസര്‍ പറഞ്ഞു. ബി.ടി.വഴുതനയെ നിരോധിച്ചത് കര്‍ഷകരുടെ കൂട്ടായ്മയുടെ വിജയമാണെന്ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാര്‍ പറഞ്ഞു.

മാരാരിക്കുളം വഴുതനയ്ക്ക് പേറ്റന്റ് വാങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/