റെയില്‍വേ ധവളപത്രം: സ്വകാര്യവത്കരണത്തിന്റെ മുന്നോടി -ബസുദേവ് ആചാര്യ
Posted on: 10 Feb 2010
കൊച്ചി:കേന്ദ്ര റെയില്‍വേ മന്ത്രി മമതബാനര്‍ജി പുറത്തിറക്കിയ ധവളപത്രവും വിഷന്‍- 2020 രേഖയും റെയില്‍വേയുടെ സ്വകാര്യവത്കരണ നീക്കത്തിന്റെ മുന്നോടിയാണെന്ന് ബസുദേവ് ആചാര്യ എംപി. എറണാകുളം സൗത്ത് റെയില്‍വേ കമ്യൂണിറ്റി ഹാളില്‍ ഐക്യട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1991ലെ ആഗോളവത്കരണ, ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങളുടെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാകേഷ് മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പുനരാവിഷ്‌കരിച്ച് റയില്‍വേയെ വിഭജിച്ച് കമ്പനികളാക്കാനാണ് നീക്കം.
ജീവനക്കാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചതിനാല്‍ ലോക്കോ പൈലറ്റുമാര്‍ 20 മണിക്കൂര്‍വരെ ജോലിയെടുക്കേണ്ട അവസ്ഥയാണുള്ളത്. സുരക്ഷ പരിഗണിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് 10 മണിക്കൂര്‍ ജോലിസമയം നിശ്ചയിച്ച് മുമ്പ് കരാറുണ്ടാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ എണ്ണത്തില്‍ 40 ശതമാനം വരെ കുറവുള്ളതായും അദ്ദേഹം പറഞ്ഞു.
റെയില്‍വേയുടെ പുതിയ പദ്ധതിയായ അതിവേഗ ചരക്ക് ഇടനാഴിയില്‍ 60 ശതമാനം സ്വകാര്യപങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. റെയില്‍വേയുടെ ഓഹരികള്‍ സ്വകാര്യകമ്പനികളില്‍ എത്തിച്ചേരുന്നതിന് ഇത് ഇടയാക്കും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേയിലെ സ്വകാര്യവത്കരണ നീക്കങ്ങള്‍ ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപ്പാക്കാന്‍ കഴിയാതിരുന്നതെന്നും ബസുദേവ് ആചാര്യ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യാനന്തരം ഇതുവരെ പ്രതിവര്‍ഷം ശരാശരി 65 കിലോമീറ്റര്‍ പുതിയ റെയില്‍ പാതയാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ചൈനയില്‍ ഇത് 1000 കിലോമീറ്റര്‍ ആണ്. ഇന്ദിരാഗാന്ധി തറക്കല്ലിട്ട പദ്ധതികള്‍ പോലും മുടങ്ങിക്കിടക്കുന്നതായി ബസുദേവ് ആചാര്യ പറഞ്ഞു. റയില്‍വേ മന്ത്രി മമത ബാനര്‍ജി ആഴ്ചയില്‍ ഒരുദിവസം ഡല്‍ഹിയിലും ബാക്കി ആറുദിവസം ബംഗാളിലുമാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിആര്‍ഇയു ജോയിന്റ് ജനറല്‍ സെക്രട്ടറി ആര്‍.ജി.പിള്ള അധ്യക്ഷനായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ്, പി.രാജീവ് എംപി., കെ.ചന്ദ്രന്‍പിള്ള, കെ.എ.എസ്. മണി, ജോണ്‍ വിന്‍സെന്റ്കുമാര്‍, ഡി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.