മത്സ്യബന്ധന നിയന്ത്രണ നിയമം കെ.ആര്‍.എല്‍.സി.സി. പ്രതിഷേധ ധര്‍ണനടത്തി
Posted on: 10 Feb 2010
കൊച്ചി:തീരസുരക്ഷയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന നിര്‍ദിഷ്ട സമുദ്രമത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉപേക്ഷിക്കണമെന്ന് ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആവശ്യപ്പെട്ടു.
കെ.ആര്‍.എല്‍.സി.സിയുടെ ആഭിമുഖ്യത്തിലുള്ള 'കടലി'ന്റെ (കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍) നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ അവകാശങ്ങള്‍ ബലികഴിച്ചുകൊണ്ട് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നിയമനിര്‍മാണത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് ബിഷപ് പറഞ്ഞു.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് പ്രകടനമായാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ എക്‌സ്‌ചേഞ്ചിന് മുന്നിലേക്ക് വന്നത്. പ്രകടനം വരാപ്പുഴ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജോസഫ് കാരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. ധര്‍ണയില്‍ കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, ഡൊമിനിക് പ്രസന്‍േറഷന്‍ എംഎല്‍എ, കെ.ആര്‍.എല്‍.സി.സി. സെക്രട്ടറി ഷാജി ജോര്‍ജ്, കണ്‍വീനര്‍ ജോസഫ് ജൂഡ്, ടി.പീറ്റര്‍, ജോണ്‍കുട്ടി, എ.ബി. ജസ്റ്റിന്‍, ഫാ. സിജുജോബ്, ഫാ. മത്തിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.