കൈക്കൂലി വാങ്ങിയ പോലീസുകാരന്‍ പിടിയില്‍

Posted on: 10 Feb 2010



ഏലൂര്‍: പോലീസ്‌സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് തന്ത്രപൂര്‍വം പിടികൂടി. ഏലൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അങ്കമാലി മാമ്പ്രം കുവേലില്‍ ഹൗസില്‍ കെ.പി.ആന്റണി (50)യെയാണ് എറണാകുളം വിജിലന്‍സ് വിഭാഗം കുടുക്കിയത്. ഏലൂര്‍ സ്വദേശിയായ സുമേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് സംഭവം.

വിജിലന്‍സ് പറയുന്നത് ഇങ്ങനെ: മദ്യപിച്ച് വാഹനമോടിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മാര്‍ക്കറ്റ് ജങ്ഷനില്‍വെച്ച് ഏലൂര്‍ കറുപ്പാശ്ശേരി വീട്ടില്‍ സുമേഷിനെതിരെ ഏലൂര്‍ പോലീസ് കേസെടുത്തിരുന്നു. പോലീസ് നടത്തിയ മോട്ടോര്‍വാഹന പരിശോധനക്കിടെയാണ് സംഭവം. രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ സുമേഷിനെ അന്നുതന്നെ വിട്ടയച്ചു. ബൈക്കിന്റെ ബുക്കും പേപ്പറും തിരിച്ചുകൊടുത്തില്ല. ബുക്കും പേപ്പറും തിരികെ നല്‍കണമെങ്കില്‍ 500 രൂപ വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ശനിയാഴ്ച സ്റ്റേഷനില്‍ വരാന്‍ സുമേഷിനോട് ആവശ്യപ്പെട്ടു. സുമേഷ് അന്നുചെന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വീണ്ടും വിളിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ചൊവ്വാഴ്ച രാവിലെ വിജിലന്‍സ് ഓഫീസില്‍ സുമേഷ് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്​പി സി.എസ്.മജീദിന്റെ നേതൃത്വത്തിലുള്ള 16 അംഗസംഘം ഉച്ചയോടെ സുമേഷിന്റെ കൂടെ ഏലൂരിലേക്ക് തിരിച്ചു. സുമേഷ്, ആന്റണിക്ക് വിജിലന്‍സ് നല്‍കിയ 500 രൂപ കൈമാറി ബുക്കും പേപ്പറും വാങ്ങി പുറത്തിറങ്ങി. പിന്നാലെ അകത്തുകയറിയ വിജിലന്‍സ് ആന്റണിയെ കൈയോടെ പിടികൂടി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/