40 ലക്ഷത്തിന്റെ പാമ്പിന്‍വിഷവുമായി യുവാവ് അറസ്റ്റില്‍
Posted on: 10 Feb 2010
മൂവാറ്റുപുഴ: അന്താരാഷ്ട്രവിപണിയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന പാമ്പിന്‍വിഷവുമായി യുവാവ് അറസ്റ്റില്‍. ഉടുമ്പന്നൂര്‍ മാങ്കുഴി പുത്തന്‍പുരയില്‍ സുനില്‍കുമാര്‍ (34) ആണ് അറസ്റ്റിലായത്. കോട്ടയത്ത് വില്‍ക്കാന്‍ കൊണ്ടുപോയതെന്നു കരുതുന്ന വിഷം മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
വിദേശത്തേക്ക് പാമ്പിന്‍വിഷം കയറ്റി അയയ്ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് സുനില്‍കുമാറെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ഷംസ് പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് ഗുണനിലവാരം ഉറപ്പാക്കിയശേഷമാണ് വില്പനയ്ക്കായി കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.
രാജവെമ്പാലയുടെ 100 മില്ലി വിഷവും ഒരു സിറിഞ്ചില്‍ മൂര്‍ഖന്റെ വിഷവും ആണ് പിടികൂടിയത്. ബാക്കി ചങ്ങനാശ്ശേരി ഭാഗത്ത് സൂക്ഷിച്ചിരിക്കുന്നതായും വിവരമുണ്ട്. വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയെയും സംഘം ഇതുപോലെ അയച്ചതായി സൂചനയുണ്ട്. വിശദാന്വേഷണത്തിനായി പ്രതിയെ തൊടുപുഴ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറും. ഡിവൈഎസ്പി സാബു മാത്യു, സി.ഐ. പി.പി.ഷംസ്, എസ്.ഐ. തമ്പി, എഎസ്‌ഐ ഫൈസല്‍ പി.ഖാദര്‍, എച്ച്‌സിമാരായ ജോര്‍ജ് ജോസഫ്, വി.ജെ.ജോര്‍ജ്, ലിബു തോമസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.