തിലകന്‍ മാപ്പുപറയണം-'അമ്മ'
Posted on: 10 Feb 2010
കൊച്ചി: സമീപകാലത്തുണ്ടായ സിനിമാ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന്‍ തിലകന്‍ താരസംഘടനയായ 'അമ്മ'യോട് നിരുപാധികം മാപ്പുപറയണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തിലകന്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാനും പ്രസിഡന്റ് ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമീപകാലത്തെ വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്നും തിലകന്റെ പ്രസ്താവനകളാണ് പ്രശ്‌നം വഷളാക്കിയതെന്നും യോഗം വിലയിരുത്തി. തിലകന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ അംഗങ്ങളെ വേദനിപ്പിക്കുകയും സംഘടനയ്ക്ക് അവമതി ഉണ്ടാക്കുകയും ചെയ്തു.
സംഘടനയ്ക്കുള്ളില്‍ കാര്യങ്ങള്‍ പറയാതെ പൊതുവേദിയില്‍ അവതരിപ്പിക്കുകയാണ് തിലകന്‍ ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പുപറയാത്തപക്ഷം സംഘടനയുടെ ഭരണഘടന അനുശാസിക്കുംവിധമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. അമ്മയുടെ തീരുമാനം ബുധനാഴ്ച രേഖാമൂലം തിലകനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'അമ്മ' നീതികാട്ടിയില്ല - തിലകന്‍
സംഘടനയില്‍ അംഗമായ തന്നോട് 'അമ്മ' നീതികാട്ടിയില്ലെന്ന് തിലകന്‍ പ്രതികരിച്ചു. ഫെഫ്ക എന്നെ വിലക്കിയിട്ട് 22 ദിവസം കഴിഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഞാന്‍ വിവരമറിഞ്ഞത്. എന്റെ പ്രശ്‌നത്തില്‍ ഇതുവരെയും 'അമ്മ' ഇടപെടാത്തത് നീതികേടാണ്. ഏതെങ്കിലും സംവിധായകനെ വിലക്കിയിട്ടുള്ളതായി 'അമ്മ' അറിയിച്ചിട്ടില്ല. വിലക്കപ്പെട്ട സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചുവെന്നാണ് എന്റെ പേര്‍ക്കുള്ള കുറ്റം. ഇക്കാര്യത്തില്‍ അംഗമായ എന്നെ വേദനിപ്പിക്കുകയും അവഗണിക്കുകയുംചെയ്ത 'അമ്മ'യാണ് മാപ്പുപറയേണ്ടത്. 'അമ്മ'യുടെ രേഖാമൂലമുള്ള തീരുമാനം ലഭിച്ചശേഷം ഉചിതമായ മറുപടി നല്‍കുമെന്നും തിലകന്‍ പറഞ്ഞു.