സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് കോടികള്‍ സ്വരൂപിക്കാന്‍ കാര്‍ഷിക യൂണി. നീക്കം
Posted on: 10 Feb 2010
തൃശ്ശൂര്‍: ജനകീയാസൂത്രണത്തിന്റെ മറവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ സമാഹരിക്കാനുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ നീക്കം വിവാദത്തിലേക്ക്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിയിരിക്കെ ആസൂത്രണം, പദ്ധതിനവീകരണം എന്നീ പേരുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളില്‍നിന്ന് കോടിക്കണക്കിന് രൂപ സ്വരൂപിക്കാനുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ നീക്കത്തിന്റെ പിന്നില്‍ രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യമുണ്ടെന്നാണ് ആരോപണം.
'സുസ്ഥിര സമൃദ്ധി' പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ തയ്യാറാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാര്‍ഷിക സര്‍വ്വകലാശാലാ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഏകദിന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
പദ്ധതിയനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, യന്ത്രവത്കരണം എന്നീ മേഖലയിലെ പ്രോജക്ടുകള്‍ കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാക്കി നല്‍കുമെന്നാണ് വാഗ്ദാനം. കൂടാതെ യൂണിവേഴ്‌സിറ്റിയുടെ ശാസ്ത്രജ്ഞന്മാരുടെയും അനുബന്ധ വിഭാഗത്തിന്റെയും സഹായങ്ങളും പദ്ധതിനടത്തിപ്പിന് ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. വ്യാഴാഴ്ച നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് സര്‍വകലാശാല അയച്ചുകഴിഞ്ഞു.
എന്നാല്‍, സംസ്ഥാനത്ത് ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) പദ്ധതിപ്രകാരം ഓരോ ജില്ലയിലെയും ഓരോ പ്രദേശങ്ങള്‍ക്ക് കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, യന്ത്രവത്കരണം എന്നീ മേഖലകളില അനുയോജ്യമായ പദ്ധതികള്‍ കൃഷിവകുപ്പ് മറ്റ് വികസന ഏജന്‍സികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ രാജ്യമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പേരില്‍ സാങ്കേതികസഹായം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തുവന്ന സര്‍വ്വകലാശാലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ജൂലായിലും കാര്‍ഷിക സര്‍വ്വകലാശാല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായി പ്രോജക്ടുകള്‍ക്കുവേണ്ടി ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. എന്നാല്‍, കൃഷി ഉദ്യോഗസ്ഥരുടെ കനത്ത എതിര്‍പ്പുമൂലം അന്ന് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതയാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താത്തതെന്ന വൈസ്ചാന്‍സലറുടെ അഭിപ്രായവും വിവാദമായിരുന്നു.
ഗവേഷണം, അധ്യാപനം എന്നീ പ്രധാന മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനമേഖലയില്‍ കൈകടത്താനുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ നീക്കമായാണ് പുതിയ പദ്ധതിയെ കൃഷിവകുപ്പ് വീക്ഷിക്കുന്നത്.