ശത്രുമിസൈലിനെ വഴിതെറ്റിക്കാനും സംവിധാനം
Posted on: 10 Feb 2010
ബാംഗ്ലൂര്‍: ഉപഗ്രഹഫോണുകള്‍ (സാറ്റലൈറ്റ് ഫോണ്‍) ജാം ചെയ്യാനും ശത്രുരാജ്യങ്ങളുടെ മിസൈലുകള്‍ ഗതിതിരിച്ചുവിടാനുമുള്ള സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. യു.കെ. രിവാങ്കര്‍ അറിയിച്ചു. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് റഡാറിന്റെ കണ്ണില്‍പ്പെടാതെ ശത്രുരാജ്യങ്ങളിലേക്ക് ഒളിച്ചുകടന്ന് ആക്രമണം നടത്താനുള്ള സംവിധാനവും തയ്യാറായിവരുന്നു.
മൊബൈല്‍ ഫോണുകള്‍ ജാം ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഉപഗ്രഹഫോണുകള്‍ ഉപയോഗിക്കുന്നത് തടയാനുള്ള വിദ്യ ഇപ്പോള്‍ ഇന്ത്യയിലില്ല. തീവ്രവാദികള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപഗ്രഹഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുംബൈ ആക്രമണത്തില്‍ വ്യക്തമായിരുന്നു. കശ്മീരില്‍നിന്നും ഉപഗ്രഹഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഗ്രഹഫോണുകള്‍ ജാം ചെയ്യാനുള്ള സാങ്കേതികവിദ്യ സ്വന്തമായി നിര്‍മിക്കുന്നത്.
ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന മിസൈലുകളെ അവയുടെ വിക്ഷേപണത്തറയില്‍ (ലോഞ്ച്പാഡ്) വച്ചുതന്നെ ദിശതിരിച്ചുവിടാനുള്ള സംവിധാനവും നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്-ഡോ. രിവാങ്കര്‍ പറഞ്ഞു. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഡി.എല്‍.ആര്‍.എല്‍., ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണിതു നിര്‍മിക്കുന്നത്.
റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ശത്രുരാജ്യത്തിനുള്ളിലേക്ക് പാഞ്ഞുകയറി ആക്രമിക്കാന്‍ കഴിയുന്ന 'പെനട്രേഷന്‍ എയിഡും' നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശീയമായി നിര്‍മിച്ച ലഘുയുദ്ധവിമാനമായ 'തേജസി'നുവേണ്ടി ഇലക്‌ട്രോണിക് യുദ്ധസംവിധാനങ്ങളും വികസിപ്പിക്കും. ഹെലികോപ്റ്ററുകള്‍ക്ക് മിസൈല്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന 'ഏര്‍ളി വാണിങ് സിസ്റ്റംസും' നിര്‍മാണത്തിലാണ്-അദ്ദേഹം പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam