ആദിവാസികളുടെ സമരം വിജയിപ്പിക്കണം -സി.പി.എം.
Posted on: 10 Feb 2010
തിരുവനന്തപുരം: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമിയും അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് പട്ടയവും നല്‍കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മണ്ണിനുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്ന സമരം വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. മൂന്നാറിലും വയനാട്ടിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിടക്കാര്‍ കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നയം. ഇത് നടപ്പാക്കുന്നതിനുവേണ്ടിയാണ് വയനാട്ടില്‍ സമരം തുടങ്ങിയിരിക്കുന്നത്.
വീരേന്ദ്രകുമാറും മകന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യും സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് യു.ഡി.എഫ്. ഭരണകാലത്ത് നിയമസഭയെ അറിയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. സങ്കുചിത രാഷ്ട്രീയ താല്പര്യം ലക്ഷ്യംവെച്ച് ഇപ്പോള്‍ നടത്തിയ സ്വരംമാറ്റത്തിന് ലഭിച്ച പ്രഹരം കൂടിയാണ് കളക്ടറുടെ തീരുമാനം.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്നും ഏറ്റെടുത്തിട്ടില്ലെന്നുമുള്ള യു.ഡി.എഫിന്റെ ആക്ഷേപവും കഴമ്പില്ലാത്തതാണ്. ഈ സര്‍ക്കാര്‍ ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബങ്ങള്‍ക്ക് 30,000 ഏക്കര്‍ഭൂമി വിതരണം ചെയ്തു. 12,000 ഏക്കര്‍ഭൂമി മൂന്നാറില്‍ കൈയേറ്റക്കാരില്‍നിന്നും തിരിച്ചുപിടിച്ചു. അത് ഭൂബാങ്കില്‍ നിക്ഷേപിച്ചു. ഒരുതരി ഭൂമിപോലും കൈയേറ്റക്കാരില്‍നിന്നും ഏറ്റെടുക്കാതെ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് സകല സഹായവും ചെയ്തുകൊടുത്ത കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയിരിക്കുന്നത് അപഹാസ്യമാണെന്നും സി.പി.എം. സെക്രട്ടേറിയറ്റ് ആരോപിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam