അനധികൃത ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മാറ്റാന്‍ മരാമത്ത് മന്ത്രിയുടെ ഉത്തരവ്

Posted on: 10 Feb 2010



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ട്രാഫിക് പോലീസിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത മുന്നറിയിപ്പ്- പരസ്യ ബോര്‍ഡുകള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുമരാമത്ത് സെക്രട്ടറിയ്ക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ച 'നാടെങ്ങും അനധികൃത ട്രാഫിക് ബോര്‍ഡുകള്‍; 50 കോടിയുടെ അഴിമതി' എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അതേസമയം സൈന്‍ ബോര്‍ഡ് മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

പൊതുമരാമത്ത് വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പോലീസിന്റെയോ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടിയന്തരമായി മാറ്റും. ഇതിന്റെ മുന്നോടിയായി ഏതൊക്കെ സ്ഥലങ്ങളിലാണ് ബോര്‍ഡുകള്‍ മാറ്റേണ്ടതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്- പി.ജെ.ജോസഫ് പറഞ്ഞു. ട്രാഫിക് പോലീസിന്റെ പേരില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയതായി ഐ.ജി ഡോ.ബി.സന്ധ്യ അറിയിച്ചു.

മോട്ടോര്‍ വാഹന ആക്ട് പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസ് വകുപ്പില്‍ എസ്.പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മാറ്റാനുള്ള അധികാരമുണ്ട്. എന്നാല്‍ പി.ഡബ്ല്യൂ.ഡിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിരമിച്ച ചിലരുടെ ഒത്താശയോടെ നടത്തുന്ന പരസ്യ കമ്പനിയും തിരുവനന്തപുരത്തെ മുന്‍ ട്രാഫിക് എ.സിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന പരസ്യ ഏജന്‍സിയും സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളില്‍ കൈവെയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.

സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതില്‍, പൊതുമരാമത്തിലേയും പോലീസിലേയും ഉന്നതര്‍ പരസ്യ മാഫിയയ്ക്ക് വഴിവിട്ട് സഹായം നല്‍കുന്നതായും വ്യക്തമായിട്ടുണ്ട്. സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖരായ കെല്‍ട്രോണിനെ മറികടന്ന് തലസ്ഥാനത്തുള്ള ഒരു സ്വകാര്യ ഏജന്‍സിക്ക് ട്രാഫിക് പോലീസുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അനുവാദം കൊടുത്തത് ഈയിടെയാണ്. കിഴക്കേകോട്ട ഉള്‍പ്പെടെയുള്ള തിരക്കേറിയ പല ജങ്ഷനുകളിലും ഈ ഏജന്‍സി സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകള്‍ പണി മുടക്കിയിട്ട് നാളുകളായെങ്കിലും ട്രാഫിക് പോലീസിന്അനക്കമില്ല. ഈ ഏജന്‍സിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള വൈദഗ്ധ്യമില്ലെന്ന് റോഡ് ഫണ്ട് ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി ഏജന്‍സി അറിയിച്ചിട്ടും ഇവര്‍ക്കുതന്നെ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/