ഭൂമികയ്യേറ്റം നിയമപരമായി നേരിടും -അഡ്വ. ജോര്‍ജ് പോത്തന്‍

Posted on: 10 Feb 2010



കല്പറ്റ: വെള്ളാരംകുന്ന് കാഡ്ബറി എസ്റ്റേറ്റിലെ തന്റെ ഭൂമി കയ്യേറിയവരെ നിയമ നടപടിയിലൂടെ ഒഴിപ്പിക്കുമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജോര്‍ജ് പോത്തന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

''കയ്യേറ്റക്കാര്‍ക്ക് ഭൂമിയില്‍ നിന്ന് ഒഴിയേണ്ടിവരും. എന്നാല്‍ കൃഷിയും മരങ്ങളും വെട്ടിനശിപ്പിച്ചതിന് അവര്‍ ഉത്തരം പറയണം. എല്‍.ഡി.എഫില്‍ നിന്നു ജനതാദള്‍ (എസ്) രാഷ്ട്രീയമായി അകന്നപ്പോള്‍ പ്രതികാരം വീട്ടാന്‍ വേണ്ടി മാത്രമാണ് സി.പി.എം. ഇപ്പോള്‍ ഭൂമി കയ്യേറിയത്. പാര്‍ട്ടി തീരുമാനത്താല്‍ താന്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വം സി.പി.എമ്മിന് നഷ്ടപ്പെട്ടു. അതിന്റെ വിദ്വേഷമാണ് സി.പി.എം. ഇപ്പോള്‍ തീര്‍ക്കുന്നത്'' -അദ്ദേഹം പറഞ്ഞു.

കാഡ്ബറി കമ്പനിയില്‍ നിന്ന് തങ്ങള്‍ വാങ്ങിയ 118 ഏക്കറടക്കം 179.61 ഏക്കര്‍ സ്ഥലം ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഒഴിവാക്കിയതാണ്. 168.58 ഏക്കര്‍ സ്ഥലം പ്ലാന്‍േറഷനായും ബാക്കി ഡ്രൈയിങ് യാര്‍ഡ്, കെട്ടിടം എന്നിവയ്ക്കായും അനുവദിച്ച് ഭൂപരിഷ്‌കരണ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവില്‍ തര്‍ക്കമുണ്ടെങ്കില്‍ അപ്പീല്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടികളൊന്നും ഉണ്ടായില്ല. ലാന്‍ഡ് ബോര്‍ഡ് ഉത്തരവു വന്ന് 22 വര്‍ഷത്തിനുശേഷമാണ് തങ്ങള്‍ ഈ സ്ഥലം വാങ്ങിയത്. അപ്പീല്‍ കാലാവധി ഇതിനും വര്‍ഷങ്ങള്‍ക്ക് മുമ്പു കഴിഞ്ഞു. കിന്‍ഫ്രയ്ക്കുവേണ്ടി 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ ഞങ്ങള്‍ രേഖാമൂലം എതിര്‍ത്തതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിത അക്വിസിഷന്‍ നടത്തുകയായിരുന്നു -ജോര്‍ജ് പോത്തന്‍ പറഞ്ഞു.

ജില്ലാ കളക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷണറുമടക്കമുള്ളവര്‍ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് നഷ്ടപരിഹാരത്തുക നല്‍കിയത്. തുക സര്‍ക്കാര്‍ ബത്തേരി സബ്‌കോടതിയില്‍ കെട്ടിവെച്ചു. ഈ സമയത്ത് ആദ്യകാല ജന്മിമാരായ തോര്യമ്പത്ത് തറവാട്ടുകാര്‍ അനാവശ്യ തര്‍ക്കങ്ങളുമായി കോടതിയെ സമീപിച്ചു. ഈ തര്‍ക്കത്തില്‍ സബ്‌കോടതിയും കേരള ഹൈക്കോടതിയും ഞങ്ങളുടെ അവകാശം അംഗീകരിച്ച് നഷ്ടപരിഹാരത്തുക നല്‍കാന്‍ വിധിച്ചതുമാണ് -അദ്ദേഹം തുടര്‍ന്നു.

വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ ശരിയായ അന്വേഷണം നടത്താതെയും കോടതി വിധികള്‍ പരിശോധിക്കാതെയുമാണ് സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.

കാഡ്ബറിയില്‍ നിന്ന് സ്ഥലം തങ്ങളുടെ കൈവശമായ ശേഷവും അനധികൃതമായി കയ്യേറാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായി ഇഞ്ചങ്ഷന്‍ ഉത്തരവു ലഭിക്കുകയും കയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പോലീസ് സംരക്ഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവു നിലനില്‍ക്കെയാണ് ഭൂമി കയ്യേറിയതെന്നും ജോര്‍ജ് പോത്തന്‍ പറഞ്ഞു. ജനതാദള്‍-എസ് സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/