ബി.ടി. വഴുതന വേണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന (ബി.ടി. വഴുതന) വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തത്കാലം അനുവദിക്കേണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം തീരുമാനിച്ചു.
''പൊതുജനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും തൃപ്തികരമായ സ്വതന്ത്ര ശാസ്ത്രീയപഠനങ്ങളിലൂടെ, ആരോഗ്യത്തിനും പരിസ്ഥിതിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിച്ച്, ഈ ഉത്പന്നം സുരക്ഷിതമാണെന്നു സ്ഥാപിക്കുന്നതുവരെയാണ് ബി.ടി. വഴുതന നിരോധനം.
തന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനിതക എന്‍ജിനീയറിങ് അംഗീകാരസമിതിയുടെ (ജി.ഇ.എ.സി.) പ്രവര്‍ത്തനത്തെ മന്ത്രി ജയ്‌റാം രമേഷ് വിമര്‍ശിച്ചു. ''ഈ ഉന്നതവിദഗ്ദ്ധസമിതിയാണ് കഴിഞ്ഞ ഒക്ടോബറില്‍ ബി.ടി. വഴുതനയ്ക്ക് അംഗീകാരം നല്കിയത്. ഇന്ത്യ കൂടി കക്ഷിയായ പല ആഗോള ചട്ടങ്ങള്‍ക്കും നിരക്കുന്നതല്ലായിരുന്നു ജി.ഇ.എ.സി.യുടെ മാനദണ്ഡം- മന്ത്രി ചൂണ്ടിക്കാട്ടി.
വഴുതനയിലെ കീടബാധ ഒഴിവാക്കാന്‍ കീടനാശിനിയായ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീന്‍ വഴുതനയില്‍ പ്രവേശിപ്പിച്ച് കീടപ്രതിരോധശേഷിയുള്ള വഴുതന ഉണ്ടാക്കുകയാണ് ഇതിലടങ്ങിയിട്ടുള്ള സാങ്കേതികത. ബാസിലസ് ടൂറിന്‍ ജിറംസിസ് (ബി.ടി.) എന്ന സര്‍വസാധാരണമായ ബാക്ടീരിയയുടെ സഹായത്തോടെ ഇത് ചെയ്യുന്നതിനാലാണ് ഉത്പന്നത്തിന് ബി.ടി. എന്ന വിശേഷണം വരുന്നത്. ബി.ടി. പരുത്തി നേരത്തേ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരീക്ഷണവും പഠനവും കഴിഞ്ഞ് ഉത്പാദനത്തിനും വിപണനത്തിനും തയ്യാറാവുന്ന ആദ്യഭക്ഷ്യവസ്തുവാണ് വഴുതന. 'മൊണ്‍സാന്‍േറാ' എന്ന ബഹുരാഷ്ട്രകുത്തകയ്ക്ക് 29 ശതമാന ഓഹരികളുള്ള മഹാരാഷ്ട്രയിലെ 'മഹീകോ' എന്ന കമ്പനിയാണ് ബി.ടി. വഴുതന രംഗത്തിറക്കിയത്. ജൈവസുരക്ഷ സംബന്ധിച്ച് അംഗീകാരം നല്കിയെങ്കിലും ദേശീയതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന നയംസംബന്ധിച്ചതാകയാല്‍ ജി.ഇ.എ.സി. അവസാന തീരുമാനം മന്ത്രിക്കു വിടുകയായിരുന്നു.
ഒരുവിഭാഗം കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരില്‍ വലിയൊരു വിഭാഗവും നഖശിഖാന്തം എതിര്‍ത്തിരുന്നതുകൊണ്ട് വിഷയം ആഴത്തില്‍ പഠിച്ചശേഷമാണ് മന്ത്രി തീരുമാനമെടുത്തത്. ഇതിനിടെ കേരളമുള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങള്‍ തങ്ങള്‍ ബി.ടി. വഴുതന നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്ത് ഏഴിടത്ത് പൊതുജനാഭിപ്രായമാരാഞ്ഞുകൊണ്ടുള്ള യോഗങ്ങള്‍ മന്ത്രി നടത്തി. നിരവധി വിദേശ ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തി. ഈ നിരീക്ഷണങ്ങളില്‍ നിന്നും ആശയ വിനിമയങ്ങളില്‍ നിന്നും ബോധ്യമായത് ബി.ടി.വഴുതന തത്കാലം അനുവദിക്കേണ്ടതില്ലെന്നതാണെന്ന് ജയ്‌റാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ അര്‍ഥം ബയോടെക്‌നോളജി രംഗത്തുനടക്കുന്ന ഗവേഷണ പഠനങ്ങള്‍ക്ക് താന്‍ എതിരാണെന്നല്ല. ഇനിയും പഠനങ്ങള്‍ നടത്തുകയും പരീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യണം- മന്ത്രി പറഞ്ഞു.
ഈ രംഗത്ത് പൊതുമേഖലയുടെ പങ്ക് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയും ജൈവസാങ്കേതികരംഗത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അവരുടെ ബി.ടി. പരുത്തി വികസിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവിടെ പൊതുമേഖലയ്ക്കാണ് കൂടുതല്‍ പങ്കാളിത്തം- അദ്ദേഹം പറഞ്ഞു.
'മഹീകോ' നല്കിയ പരീക്ഷണവിവരങ്ങള്‍ വെച്ച് അംഗീകാരം നല്കുകയാണ് ജി.ഇ.എ.സി. ചെയ്തത്. ബി.ടി. വഴുതന വികസിപ്പിച്ചെടുത്ത കമ്പനിതന്നെ ജൈവസുരക്ഷിതത്വം സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് നല്കുന്നത് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ജി.ഇ.ആര്‍.സി.യുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്ന സൂചന നല്കി ഇനി മുതല്‍ ഇതിന് 'ജെനിറ്റിക് എന്‍ജിനീയറിങ് വിലയിരുത്തല്‍ സമിതി' എന്നാവും പേരെന്നും മന്ത്രി അറിയിച്ചു.