രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലും സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന് നിര്‍ദേശം
Posted on: 10 Feb 2010
മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളുടെ കമ്മിറ്റികളിലും നേതൃപദവികളിലും സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന് നിര്‍ദേശം. ത്രിതലപഞ്ചായത്തുകളിലെ വനിതാ പ്രതിനിധികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം രൂപം നല്‍കിയ 'പഞ്ചായത്ത് മഹിളാ ശക്തി അഭിയാന്‍' തയ്യാറാക്കിയ അവകാശ പത്രികയിലാണ് ഈ നിര്‍ദേശം. ഭരണരംഗത്ത് പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതലങ്ങളില്‍ പ്രത്യേകം സംവിധാനം വേണമെന്നും അവകാശപത്രിക നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഭൂരിഭാഗം വനിതാ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായാണ് അധികാരത്തിലെത്തുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം എടുക്കുന്ന യോഗങ്ങളില്‍ ഇവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളിലെ പുരുഷ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ വനിതാ ജനപ്രതിനിധികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചില ഘട്ടങ്ങളില്‍ ഈ സ്വാധീനത്തിന് വഴങ്ങി സ്ത്രീകള്‍ക്ക് തീരുമാനം തന്നെ മാറ്റേണ്ടിവരുന്നതായും അവകാശപത്രിക വിലയിരുത്തുന്നു.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വനിത ജനപ്രതിനിധികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും പത്രികയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
പകുതിയിലധികം വനിതാ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹികപ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അവരുടെ ക്രിയാത്മകശേഷി പ്രയോഗിക്കാന്‍ കഴിയണമെങ്കില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള പിന്തുണ ആവശ്യമാണ്. എന്നാല്‍ പലപ്പോഴും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ട് വനിതാ ജനപ്രതിനിധികള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല.
പൊതുസീറ്റില്‍ വനിതകളെ മത്സരിപ്പിക്കുന്നതിനും മറ്റ് സ്ഥാനങ്ങള്‍ നല്‍കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖത കാട്ടുന്നതായും വിലയിരുത്തുന്നു.
വനിതാ ജനപ്രതിനിധികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കുടുംബത്തില്‍നിന്നും മറ്റ് വിവിധ മേഖലകളില്‍ നിന്നും ആവശ്യമായ പിന്തുണ നല്‍കണം. ഭൂരിഭാഗം വനിതാ ജനപ്രതിനിധികള്‍ക്കും സ്വന്തമായി വരുമാനമില്ലാത്തത് അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ യാത്രാപ്പടിയും ഓണറേറിയവും വര്‍ധിപ്പിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ജനപ്രതിനിധി അല്ലാതായാലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന് ഇവര്‍ക്ക് പെന്‍ഷന്‍ സംവിധാനം വേണം. സര്‍ക്കാര്‍ കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും ഭരണസമിതികളിലുമെല്ലാം 50 ശതമാനം സ്ത്രീസംവരണം വേണം.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ഹെല്‍പ്പ് ലൈന്‍ സംവിധാനം വേണം. വനിതാ ജനപ്രതിനിധികള്‍ക്കാവശ്യമായ നിയമോപദേശവും സഹായവും നല്‍കുന്നതിനുള്ള വേദി കൂടിയായി ജാഗ്രതാ സമിതികള്‍ മാറണം തുടങ്ങിയ 32 നിര്‍ദേശങ്ങള്‍ അവകാശപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിലായി ആകെയുള്ള 15204 ജനപ്രതിനിധികളില്‍ 5535 പേര്‍ വനിതകളാണ്. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അവകാശ പത്രിക കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam