ഇടുക്കി, കുട്ടനാട് പാക്കേജ്: നടപടിയെടുക്കേണ്ടത് സംസ്ഥാനം -കേന്ദ്രമന്ത്രി കെ.വി.തോമസ്
Posted on: 10 Feb 2010
കോട്ടയം:ഇടുക്കി, കുട്ടനാട് പാക്കേജുകളുടെ കാര്യത്തില്‍ കേന്ദ്രത്തിന് ചെയ്യാനുള്ളതെല്ലാം കഴിഞ്ഞെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ.വി.തോമസ് പറഞ്ഞു. ഫണ്ട് പൂര്‍ണ്ണമായി നല്‍കിക്കഴിഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഇനി പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ബി.ടി.വഴുതനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സാങ്കേതികവിദ്യയേയും ഉല്പന്നങ്ങളേയും കൂട്ടിക്കുഴയ്ക്കരുത്. സാങ്കേതികവിദ്യയും ഉല്പന്നവും രണ്ടും രണ്ടാണ്. കൃഷിരീതികളില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് വേണ്ടത്. ഭക്ഷ്യധാന്യങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. പച്ചക്കറിവിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതു സംബന്ധിച്ച് രണ്ടുവശമുള്ളതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ഫാം ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കേടുവരാതെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് കോള്‍ഡ്‌സ്റ്റോറേജ് ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ പച്ചക്കറിക്കൃഷി വികസനത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. അടയ്ക്കാ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ഈ നാണ്യവിളയുടെ ക്ഷേമപദ്ധതികള്‍ക്ക് ഇപ്പോള്‍ പ്രത്യേക ബോര്‍ഡ് തുടങ്ങാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam