നായനാര്‍ സ്മാരക ട്രസ്റ്റിനെതിരെ കണ്‍ടോണ്‍മെന്റ് ബോര്‍ഡ് നിയമനടപടിക്ക്

Posted on: 10 Feb 2010



കണ്ണൂര്‍: വസ്തു കൈമാറ്റ നികുതി അടക്കാത്തതിന്റെ പേരില്‍ ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിനെതിരെ കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു.

2007 ഏപ്രിലില്‍ നായനാര്‍ സ്മാരക ട്രസ്റ്റ് വിലയ്‌ക്കെടുത്ത തിരുവേപ്പതി മില്ലിന്റെ 3.75 ഏക്കര്‍ ഭൂമി കണ്ണൂര്‍ കണ്‍ടോണ്‍മെന്റിന്റെ പരിധിയിലാണ്. കണ്‍ടോണ്‍മെന്റിന്റെ ചട്ടമനുസരിച്ച് വസ്തുകൈമാറ്റം നടത്തുമ്പോള്‍ വിലയുടെ അഞ്ച് ശതമാനം വസ്തുകൈമാറ്റ നികുതിയായി (മ്യൂട്ടേഷന്‍ ടാക്‌സ്) അടയ്ക്കണം. തിരുവേപ്പതി മില്ലുടമയില്‍ നിന്ന് 3.75 ഏക്കര്‍ ഭൂമി നായനാര്‍ ട്രസ്റ്റ് ആറരക്കോടി രൂപക്ക് വിലയ്‌ക്കെടുത്തതായാണ് കണ്ണൂര്‍ സബ് റജിസ്റ്റര്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ (നമ്പര്‍ 3113/107) കാണിച്ചിരിക്കുന്നത്. ഇതുപ്രകാരം കണ്‍ടോണ്‍മെന്റിന് മ്യൂട്ടേഷന്‍ നികുതിയായി ഒടുക്കേണ്ടിയിരുന്നത് 32.5 ലക്ഷം രൂപയാണ്. അത് അടയ്ക്കാത്തതിന്റെ പേരിലാണ് നിയമനടപടിക്കൊരുങ്ങുന്നത്.

കണ്ണൂര്‍ കണ്‍ടോണ്‍മെന്റിലെ റി.സ. 538, 541, 542 (വാര്‍ഡ് 3 ബ്ലോക്ക് 10)ല്‍ പ്പെട്ട ഭൂമിയാണ് മുന്‍ മുഖ്യമന്ത്രി നായനാരുടെ സ്മാരകമായി ചരിത്രമ്യൂസിയവും ലൈബ്രറിയും നിര്‍മിക്കാനായി കൈമാറിയത്. ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവു ചെയ്തുതരണമെന്നാവശ്യപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായ ട്രസ്റ്റ് സംസ്ഥാന സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാകുകയും ചെയ്തു.

ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവുചെയ്ത സര്‍ക്കാരിന്റെ ഉത്തരവ് മ്യൂട്ടേഷന്‍ ടാക്‌സിനും ബാധകമാണെന്നാണ് ട്രസ്റ്റ് അധികൃതരുടെ വിശദീകരണം. അതേസമയം കണ്‍ടോണ്‍മെന്റ് സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയിലല്ലെന്നും സ്റ്റാമ്പ് ഡ്യൂട്ടി ഇളവുചെയ്ത ഉത്തരവ് മ്യൂട്ടേഷന്‍ നികുതി അടയ്ക്കാതിരിക്കുന്നതിന് ന്യായീകരണമല്ലെന്നും കണ്‍ടോണ്‍മെന്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. വസ്തുകൈമാറ്റം നടന്നിട്ട് മൂന്ന് വര്‍ഷമാകാറായിട്ടും ഇക്കാര്യം രേഖാമൂലം ട്രസ്റ്റ് അധികൃതര്‍ കണ്‍ടോണ്‍മെന്റ് ബോര്‍ഡിനെ അറിയിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/