കുന്നുമ്മല്‍ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹവും ബലിബിംബവും കണ്ടെത്തി

Posted on: 10 Feb 2010



കാഞ്ഞങ്ങാട്: അഞ്ചരമാസം മുമ്പ് കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് കവര്‍ച്ചചെയ്ത പഞ്ചലോഹ വിഗ്രഹവും ബലിബിംബവും സമീപത്തെ കാട്മൂടിയ വയലിലെ ചളിയില്‍ കണ്ടെത്തി. ബലിബിംബത്തിന്റെ പ്രഭാവലയവും ചളിയില്‍ ഉണ്ടായിരുന്നു. വിഗ്രഹത്തിന്റെ പ്രഭാവലയം കഴിഞ്ഞ മാസം 18 ന് ഇതേവയലില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ അകലെ കോട്ടച്ചേരി ജി.എല്‍.പി.സ്‌കൂളിന് മുമ്പിലുള്ള കുളങ്ങര വയലില്‍ നിന്നാണ് വിഗ്രഹവും ബലിബിംബവും പ്രഭാവലയവും കിട്ടിയത്. വയലിലെ വിവിധ ഭാഗങ്ങളിലായി ഇവ മൂന്നും ചളിയിലാണ്ട നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ബലിബിംബം കണ്ടെത്തിയത്. വയലില്‍ കാട് കൊത്താനിറങ്ങിയ തൊഴിലാളികളാണ് ബലിബിംബം കണ്ടത്. ബലിബിംബം കിട്ടിയതോടെ ക്ഷേത്രകമ്മിറ്റിക്കാരും പോലീസും വയലില്‍ തിരച്ചില്‍ നടത്തി. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ 10 മീറ്റര്‍ അകലെയായി ബലിബിംബത്തിന്റെ പ്രഭാവലയവും കണ്ടെത്തി. ഒരുമണിക്കൂറിന് ശേഷം 70 മീറ്റര്‍ അകലെ കുളങ്ങര വയലിലെ വെള്ളായിപ്പാലത്തിന് താഴെയായി ചളിയിലാണ്ടുകിടന്ന പ്രധാന വിഗ്രഹവും കണ്ടെത്തി.

2009 ആഗസ്ത് 27 ന് പുലര്‍ച്ചെയാണ് 60 കിലോ ഭാരമുള്ള ലക്ഷ്മീനരസിംഹമൂര്‍ത്തിയുടെ പ്രഭാവലയം ഉള്‍പ്പെടെയുള്ള പഞ്ചലോഹവിഗ്രഹവും 20 കിലോ ഭാരമുള്ള പഞ്ചലോഹബലിബിംബവും കവര്‍ന്നത്.

ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഇടവഴിയിലൂടെ പോലീസ് നായ മണംപിടിച്ച് പോയിരുന്നു. ഒടുവില്‍ നായ മണം പിടിച്ചെത്തിയതും കുളങ്ങര വയലിലാണ്. എന്നാല്‍, അന്ന് രണ്ടാള്‍ പൊക്കത്തില്‍ അവിടെ വെള്ളമുണ്ടായതിനാല്‍ കൂടുതല്‍ പരിശോധന നടത്താതെ പോലീസ് സംഘം മടങ്ങുകയാണുണ്ടായത്. ഇപ്പോള്‍ വയലിലെ വെള്ളം വറ്റിയിരിക്കയാണ് .

ക്ഷേത്ര കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവനും നീലേശ്വരം സി.ഐ.യുമായ എം.പി. വിനോദ്, ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ സി.കെ.സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി വിഗ്രഹങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/