'ഓര്‍മ്മകളിലെ ഗാന്ധിജി': പ്രദര്‍ശനം ഇന്നുമുതല്‍
Posted on: 10 Feb 2010
കണ്ണൂര്‍: ഗാന്ധിജിയുടെ 'മാതൃഭൂമി' സന്ദര്‍ശനത്തിന് 75 വര്‍ഷം പൂര്‍ത്തിയായത് പ്രമാണിച്ച് ബുധനാഴ്ച മുതല്‍ കണ്ണൂര്‍ ടൗണ്‍ ഹാളില്‍ ഒരുക്കുന്ന ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഫോട്ടോ, പത്രപ്രദര്‍ശനം കാണികള്‍ക്ക് പുതിയ അനുഭവമാകും.
പുതിയ തലമുറയുടെ മനസ്സില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസ മുദ്രകള്‍ പതിപ്പിക്കാന്‍ കഴിയുന്നതായിരിക്കും ഈ പ്രദര്‍ശനം.
ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. ഏഴാം വയസ്സിലെടുത്ത ചിത്രം മുതല്‍ ഗാന്ധി വെടിയേറ്റ് മരിച്ച ചിത്രം വരെ. നിരാഹാരമനുഷ്ഠിക്കുന്ന ഗാന്ധിജിക്കരികില്‍ ഇരിക്കുന്ന ആറുവയസ്സുകാരി ഇന്ദിരാഗാന്ധിയുടെ ചിത്രവും കൂട്ടത്തിലുണ്ട്. ദണ്ഡിമാര്‍ച്ച്, ചാര്‍ളിചാപ്ലിനൊപ്പം ഗാന്ധിജി, ഉപ്പുസത്യാഗ്രഹം, സുഭാഷ് ചന്ദ്രബോസിനൊപ്പം മഹാത്മജി എന്നീ ചിത്രങ്ങളും ശ്രദ്ധേയമാണ്.
'മാതൃഭൂമി' പത്രത്തിന്റെ പഴയ ലക്കങ്ങളുടെ പ്രദര്‍ശനവും വിജ്ഞാനപ്രദമായിരിക്കും. ഗാന്ധിജിയുടെ വൈക്കം യാത്ര, ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച, ഗാന്ധിജിയും കസ്തൂര്‍ബയും എറണാകുളത്ത്, തലശ്ശേരി, കൊയിലാണ്ടി, കണ്ണൂര്‍, പയ്യന്നൂര്‍ സന്ദര്‍ശനങ്ങള്‍, ഗാന്ധിജിക്ക് സ്വര്‍ണവളകള്‍ ഊരിനല്‍കിയ കൗമുദിയുടെ ത്യാഗം എന്നിവയുടെ പഴയകാല സ്മരണകള്‍ നിറയുന്ന പത്രത്താളുകളും പ്രദര്‍ശനത്തിനുണ്ടാകും.
1948 ജനവരി 31ന്റെ 'മാതൃഭൂമി' പത്രം 'ഗാന്ധിജി വെടിയേറ്റ് മരിച്ചു. എന്ന വാര്‍ത്തയുമായാണ് പുറത്തിറങ്ങിയത്. 'വെളിച്ചം പൊലിഞ്ഞു; പക്ഷേ, അത് നിന്ന് കത്തും'എന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിലാപം ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പത്രവും പ്രദര്‍ശനത്തിലുണ്ട്.
നാലുദിവസം നീളുന്ന ഫോട്ടോ, പത്ര പ്രദര്‍ശനം ബുധനാഴ്ച രാവിലെ പത്തിന് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി വി.പി.അപ്പുക്കുട്ട പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.