സി.പി.എം. മുന്‍ ജില്ലാക്കമ്മിറ്റി അംഗം ശ്യാംസുന്ദര്‍ മുസ്‌ലിം ലീഗില്‍ ചേരുന്നു
Posted on: 10 Feb 2010
ആലപ്പുഴ: മുന്‍ സിപിഎം ജില്ലാക്കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവുമായ സി. ശ്യാംസുന്ദര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജോണ്‍ മത്തായി എന്നിവര്‍ സിപിഎം വിട്ടു.
മുസ്‌ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയ ശ്യാംസുന്ദര്‍, മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടില്‍ മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് അറിയിച്ചു.
അറിയപ്പെടുന്ന വി.എസ്. പക്ഷക്കാരനായിരുന്ന ശ്യാംസുന്ദര്‍ ഒരു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. ഹരിപ്പാട് ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവന്ന ശ്യാംസുന്ദറിനെ അടുത്തിടെ ഏരിയയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തൃക്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
ശ്യാംസുന്ദര്‍ 10 വര്‍ഷത്തിലധികം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയിലുണ്ടായിരുന്നു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ഒമ്പതുവര്‍ഷം തുടര്‍ന്നു. 12 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
വി.എസ്. പക്ഷവുമായി അകന്ന ശ്യാംസുന്ദര്‍, അടുത്തകാലത്തായി പിണറായി വിഭാഗവുമായി ധാരണയിലായിരുന്നു. രണ്ടു ദിവസം മുമ്പ്, പ്രദേശത്തെ ചില പാര്‍ട്ടിനേതാക്കള്‍ വീട്ടിലെത്തി തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ശ്യാംസുന്ദര്‍ വെളിപ്പെടുത്തി.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായിരുന്ന ശ്യാംസുന്ദറിനെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി തുടര്‍ച്ചയായി അവധിയെടുത്തതിനാല്‍ കോര്‍പറേഷന്‍ പിരിച്ചുവിടുകയായിരുന്നു. ജോലി നഷ്ടപ്പെട്ടിട്ടും പാര്‍ട്ടിക്കൊപ്പം നിന്നു പ്രവര്‍ത്തിച്ച താന്‍ വേദനയോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് ശ്യാംസുന്ദര്‍ പറഞ്ഞു.
വീയപുരം ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവന്ന ജോണ്‍ മത്തായി രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. തിരുവല്ല മര്‍ത്തോമ കോളേജ് അധ്യാപകനായി വിരമിച്ച ജോണ്‍ മത്തായി '96-ല്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചതോടെയാണ് സിപിഎം നേതൃത്വത്തിലേക്ക് വരുന്നത്. തുടര്‍ന്ന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായതോടെ, സംസ്ഥാനതലത്തില്‍ ശ്രദ്ധേയനായി. പിണറായി ഗ്രൂപ്പിലെ പ്രമുഖനായാണ് ജോണ്‍ മത്തായി അറിയപ്പെട്ടിരുന്നത്.