ട്രേഡ് യൂണിയനുകള്‍ ഈശ്വരനു മുകളില്‍ അധികാരമുള്ളവരാണെന്ന് ധരിക്കരുത്-മന്ത്രി സുധാകരന്‍

Posted on: 10 Feb 2010



ആലപ്പുഴ: ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഈശ്വരനു മുകളില്‍ അധികാരമുള്ളവരാണെന്ന് ധരിക്കരുതെന്ന് മന്ത്രി ജി. സുധാകരന്‍. അഹങ്കാരികളായ ഇത്തരം പ്രവര്‍ത്തകര്‍ക്ക് തൊഴിലാളികളെ സഹായിക്കാനാവില്ല. സര്‍ക്കാരിനോടും സ്ഥാപനത്തോടും തൊഴിലാളികളോടും കൂറില്ലാത്ത യൂണിയന്‍ നേതാക്കള്‍ കുലദ്രോഹികളാണ്. ഞാനും ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ചുതന്നെയാണ് മന്ത്രിയായത്. കയര്‍ഫെഡിലെ ചില ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് അവര്‍ എല്ലാം തികഞ്ഞവരാണെന്ന ധാരണയാണ്. അതിനാലാണ് അവര്‍ സര്‍ക്കാരിനെതിരെ പ്രസ്താവനകളിറക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതിപ്രകാരം കേരള കയര്‍മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ മേഖലയിലെ സഹകരണ സൊസൈറ്റികള്‍ മുതലാളിമാരുടേതാണെന്ന് ധരിക്കരുത്. ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും കൂട്ടുത്തരവാദിത്വമുണ്ട്. സര്‍ക്കാരിനെ ആശ്രയിച്ചു മാത്രം കയര്‍വ്യവസായം രക്ഷപ്പെടുമെന്ന് ആരും കരുതരുത്. തൊഴിലാളികളും യൂണിയനും മാനേജ്‌മെന്റും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ നേട്ടത്തിലും കോട്ടത്തിലും ഒപ്പം നില്‍ക്കാനാണ് ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളെ പ്രേരിപ്പിക്കേണ്ടത്. അല്ലാതെ വ്യക്തിവിരോധം വെച്ചപുലര്‍ത്തി പെരുമാറരുത്. സഹകരണ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിക്കുകയല്ല, വര്‍ധിപ്പിക്കുകയാണ് വേണ്ടത്-മന്ത്രി പറഞ്ഞു.

എ.എ. ഷുക്കൂര്‍ എംഎല്‍എ അധ്യക്ഷനായി. സൊസൈറ്റി പ്രസിഡന്റ് പി.കെ. ജയന്‍, സെക്രട്ടറി വി. രാധാകൃഷ്ണന്‍, പി.വി. സത്യനേശന്‍, എന്‍.എസ്. ജോര്‍ജ്, വി.സി. അലോഷ്യസ്, എം. കുമാരസ്വാമി പിള്ള, പി. സുനില്‍, ബി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/