പോള്‍ വധം സിബിഐ നീക്കത്തെ ഓംപ്രകാശും രാജേഷും എതിര്‍ത്തു
Posted on: 10 Feb 2010
കൊച്ചി: പോള്‍ വധക്കേസില്‍ തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ നീക്കത്തെ പ്രതികളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും മറ്റും കോടതിയില്‍ ശക്തിയായി എതിര്‍ത്തു.
ഈ രണ്ട് പ്രതികളും ഗുണ്ടാനിയമം അനുസരിച്ച് ഇപ്പോള്‍ തടവിലായതിനാല്‍ അവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കിയില്ല. ജയചന്ദ്രന്‍, കാരി സതീഷ് എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരുടെ റിമാന്‍ഡ് ഫിബ്രവരി 22 വരെ നീട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ മാത്രമാണ് ഹാജരാക്കിയിട്ടുള്ളത്. സിബിഐയുടെ ആവശ്യം മറ്റ് പ്രതികളും എതിര്‍ത്തിട്ടുണ്ട്.
ഡ്രൈവര്‍ ഷിബുവിനെയും മനുവിനെയും ചോദ്യം ചെയ്തതില്‍ നിന്ന് ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ പറഞ്ഞു. അവരുടെ മൊഴികളെ അടിസ്ഥാനമാക്കി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ എല്ലാ പ്രതികളെയും തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുമാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെയുള്ള ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്നും അത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നുമാണ് ഓംപ്രകാശിനും രാജേഷിനും വേണ്ടി ഹാജരായ അഡ്വ. സി.പി.ഉദയഭാനു അറിയിച്ചത്. സിബിഐയുടേയും പ്രതിഭാഗത്തിന്റെയും വാദം ബുധനാഴ്ച കേള്‍ക്കാന്‍ കോടതി മാറ്റിവച്ചു. അതിനുശേഷം മാത്രമേ സിബിഐയുടെ ആവശ്യത്തില്‍ കോടതി തീരുമാനം എടുക്കൂ.
കഴിഞ്ഞ മാസം 21ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പോള്‍വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ഇതുവരെയായി പതിനഞ്ച് പേരില്‍ നിന്ന് സിബിഐ തെളിവെടുത്തിട്ടുണ്ട്. തൊണ്ടിസാധനങ്ങള്‍ എല്ലാം രാമങ്കരി മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങി ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് സിബിഐ വ്യക്തമാക്കിയിട്ടുള്ളത്. പോള്‍വധക്കേസില്‍ 25 പ്രതികളുണ്ട്. പോലീസ് നടത്തിയ അന്വേഷണം അപൂര്‍ണവും സംശയാസ്പദവുമായതിനാലാണ് കേസ് സിബിഐയെ ഹൈക്കോടതി ഏല്പിച്ചത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam