ടാറ്റ തടയണകള്‍ക്ക് ടാറ്റ അനുമതി വാങ്ങിയിട്ടില്ല: സര്‍ക്കാര്‍
Posted on: 10 Feb 2010
കൊച്ചി: മൂന്നാറിലെ രണ്ട് തടയണകളും ടാറ്റ അനുമതിയില്ലാതെ അടുത്തിടെ പണിതതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജലസ്രോതസ്സുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും അതില്‍ നീരൊഴുക്ക് തടയുന്ന അനധികൃത നിര്‍മാണം തടയേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് അറിയിച്ചു.
അതേസമയം, നിയമ ലംഘനം കണ്ടെത്തിയാല്‍ അവ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് ടാറ്റ കോടതിയെ അറിയിച്ചത്.
തടയണകള്‍ക്കും വൈദ്യുത കമ്പിവേലിക്കും മറ്റുമെതിരെ ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യംചെയ്ത് ടാറ്റ നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായില്ല. ബുധനാഴ്ചയും തുടരും. അതുവരെ തത്സ്ഥിതി ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ചിണ്ടുവാര തടയണ പൊളിക്കരുതെന്നാവശ്യപ്പെട്ട് സിപിഐ നേതാവും ദേവികുളം പഞ്ചായത്ത് വികസന സമിതി അധ്യക്ഷനുമായ കാമരാജ് ഹര്‍ജിയുമായി കോടതിയിലെത്തിയിട്ടുണ്ട്. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ തടയണ കെട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം തേയില വില ഉയര്‍ന്നപ്പോള്‍ ടാറ്റ തടയണ പുതുക്കിപ്പണിയുകയായിരുന്നെന്നാണ് എസ്റ്റേറ്റ് ജീവനക്കാരന്‍ കൂടിയായ കാമരാജ് പറയുന്നത്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്ന ഘട്ടത്തില്‍ അതിനെതിരെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ടാറ്റയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഉന്നയിച്ചു. അതുകൊണ്ടുതന്നെ ഈ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് ഹര്‍ജിക്കാരന് അര്‍ഹതയില്ല. പഞ്ചായത്ത് നിയമമനുസരിച്ച് ജലസ്രോതസ്സുകളെല്ലാം സര്‍ക്കാരിന്‍േറതാണ്. മൂന്നാറില്‍ ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയ ലക്ഷ്മി എസ്റ്റേറ്റിലും ചിണ്ടുവാര എസ്റ്റേറ്റിലും ഡാം ഉണ്ടായിരുന്നില്ല. അവ ടാറ്റ അടുത്തകാലത്ത് അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡാം സുരക്ഷിതമല്ലെന്നല്ല മറിച്ച്, ജലത്തിന്റെ ഒഴുക്ക് തടയും വിധം നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഇവ പൊളിക്കണമെങ്കില്‍ ഡാം സുരക്ഷാ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ വിദഗ്ദ്ധ പരിശോധന നടത്തേണ്ടതുണ്ടെന്ന ടാറ്റയുടെ വാദത്തെ എതിര്‍ത്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കൈയേറ്റം മൂലം മൂന്നാറിന്റെ പച്ചപ്പ് നഷ്ടപ്പെട്ടുവെന്നും അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി തന്നെ ഈയിടെ നിര്‍ദേശിച്ചിരുന്നു. നടപടിയെടുക്കാതിരുന്നാല്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വരുമെന്നതിനാലാണ് അനധികൃത തടയണകള്‍ക്കെതിരെ നിയമാനുസൃത നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കളക്ടര്‍ നോട്ടീസ് നല്‍കിയ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ജലസേചന, ജലസംരക്ഷണ നിയമമനുസരിച്ചുള്ള നടപടിക്ക് അധികാരം നല്‍കിയിട്ടുമുണ്ട് - അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.
കമ്പനിയുടെ ആവശ്യത്തിനല്ല മറിച്ച് മാനുഷിക പരിഗണന മുന്‍നിര്‍ത്തി മാത്രം തടയണകള്‍ പുനര്‍നിര്‍മിക്കുകയായിരുന്നെന്നാണ് ടാറ്റയുടെ കീഴിലുള്ള കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷനു വേണ്ടി അഡ്വ. ജോസഫ് കൊടിയന്തറ ബോധിപ്പിച്ചത്. കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് അതിന് അധികാരമില്ലാതെയാണ്. കളക്ടറുടെ നിയമവിരുദ്ധ നടപടിക്ക് പിന്നീട് അംഗീകാരം നല്‍കുകയായിരുന്നു. ചിണ്ടുവാര എസ്റ്റേറ്റിലെ തടയണ തൊഴിലാളികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് പണിതത്. ലക്ഷ്മി എസ്റ്റേറ്റിലേക്ക് വന്യജീവികള്‍ക്ക് വെള്ളം ലഭ്യമാക്കാനാണെന്നും ടാറ്റ വാദിച്ചു. സര്‍ക്കാര്‍ അധികാരപ്പെടുത്തും മുമ്പാണ് കളക്ടര്‍ നോട്ടീസ് നല്‍കിയതെന്നും നിയമവിരുദ്ധമായ ഈ നോട്ടീസ് റദ്ദാക്കണമെന്നും ടാറ്റ വാദിച്ചു.
മൂന്നാറിലെ ഭൂമി തങ്ങളുടേതാണെന്ന വാദവുമായി പൂഞ്ഞാര്‍ കോവിലകവും കോടതിയിലെത്തി. എന്നാല്‍ അക്കാര്യം സര്‍ക്കാരിനു മുമ്പാകെ ഉന്നയിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദേവികുളം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും ടാറ്റ ജീവനക്കാരനുമായ കാമരാജ് തടയണ പൊളിക്കരുതെന്ന ഹര്‍ജിയുമായി വന്നപ്പോള്‍ നിങ്ങളുടെ യജമാനന്‍ തന്നെ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
വേനല്‍ക്കാലത്തെ ജലക്ഷാമം ഒഴിവാക്കാനായി മുമ്പ് ഇവിടെ പണിതിരുന്ന ബണ്ട് അതിവര്‍ഷത്തില്‍ ഒലിച്ചുപോയതാണ്. മുമ്പ് ഇത് നന്നാക്കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. സര്‍ക്കാരില്‍ നിന്ന് സഹായം തേടിയെങ്കിലും സ്വകാര്യവ്യക്തിയുടെ ഭൂമിയാണെന്നു പറഞ്ഞ് അപേക്ഷ നിരസിക്കപ്പെട്ടുവെന്നും കാമരാജിനു വേണ്ടി അഡ്വ. ബെച്ചുകുര്യന്‍ തോമസ് ബോധിപ്പിച്ചു. ബണ്ട് ബലപ്പെടുത്താനുള്ള പദ്ധതിക്കുള്ള അനുമതിയും സ്വകാര്യഭൂമിയിലേതെന്നു പറഞ്ഞ് തള്ളുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.