
കൊച്ചി: ക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് വെടിയൊച്ച റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെ ബദല്‍ മാര്‍ഗമെന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി.
പല പ്രധാന ക്ഷേത്രങ്ങളിലും വെടിവഴിപാട് ഇല്ലെന്നിരിക്കെ ചില ക്ഷേത്രങ്ങളില്‍ മാത്രം ഇത്തരമൊരു ആചാരം തുടര്‍ന്നുപോരുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കാനും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കരാറിനുള്ള ലേലത്തില്‍ സേ്ഫാടകവസ്തു ലൈസന്‍സില്ലാതെ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം എ.ജി. രവീന്ദ്രന്‍ അഡ്വ. എസ്.ആര്‍. ദയാനന്ദ പ്രഭു മുഖേന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യങ്ങള്‍ ആരാഞ്ഞിട്ടുള്ളത്. വെടിവഴിപാട് ലേലം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുമുണ്ട്. 2010 ഏപ്രില്‍ ഒന്നു മുതല്‍ ഒരു കൊല്ലത്തേക്കുള്ള വെടിവഴിപാടാണ് ലേലം ചെയ്യുന്നത്.