ഗോധ്ര: അന്വേഷണസംഘങ്ങള്‍ക്കെതിരായ ആരോപണം അന്വേഷിക്കുന്നു

Posted on: 10 Feb 2010



ന്യൂഡല്‍ഹി: ഗോധ്ര കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്.ഐ.ടി.) അംഗങ്ങള്‍ക്കെതിരായ ആരോപണം സംഘത്തലവന്‍ ആര്‍.കെ. രാഘവന്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംഘാംഗങ്ങള്‍ പക്ഷപാതവും വീഴ്ചയും വരുത്തി എന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മറ്റു ചിലരുടെയും പരാതിയിന്മേലാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കണമോ എന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണ് ജസ്റ്റിസുമാരായ ഡി.കെ. ജെയ്ന്‍, പി. സദാശിവം, അഫ്താബ് ആലം എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം.

സംഘത്തില്‍പ്പെട്ട ഗുജറാത്ത് ഐ.ജി. ഗീതാ ജോഹ്‌റിയും മറ്റു രണ്ടുപേരും പക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് കലാപത്തിനിരയായവര്‍ക്കുവേണ്ടി പരാതിക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.

വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ കേസില്‍ ജോഹ്‌റിയുടെ പങ്കിനെപ്പറ്റി സുപ്രീംകോടതി പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ എസ്.ഐ.ടി. പുനഃസംഘടിപ്പിക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

കേസന്വേഷണത്തില്‍ ജോഹ്‌റി അവിഭാജ്യഘടകമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇവരെ മാറ്റുന്നത് വിചാരണയുടെ പുരോഗതിയെ ബാധിക്കുമെന്ന് അമിക്കസ് ക്യൂറി ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കാമിനി ജയ്‌സ്വാള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/