വൃത്തികെട്ട കളക്ടറെങ്കില്‍ എന്നെ മാറ്റിക്കോളൂ -വയനാട് കളക്ടര്‍

Posted on: 10 Feb 2010



കല്പറ്റ: ''വൃത്തികെട്ട കളക്ടറാണെങ്കില്‍ എന്നെ മാറ്റിക്കോളൂ''-വയനാട് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍േറതാണ് ഈ വാക്കുകള്‍. ചൊവ്വാഴ്ച മൂന്നര മണിക്ക് ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സിലിന്റെ 'വയനാട് ദര്‍ശന്‍' പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു ഇത്.

സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. ശശീന്ദ്രനോടാണ് ജില്ലാ കളക്ടര്‍ സംസാരിച്ചത്. സൗമ്യവും മാന്യവുമായാണ് കളക്ടര്‍ തുടങ്ങിയത്. ''ശശി, ഇക്കാര്യം നമ്മള്‍ സംസാരിച്ചതാണല്ലോ. കൂടെക്കൂടെ കളക്ടറെ വിളിച്ച് ഇങ്ങനെ പറയേണ്ടതില്ല.'' കളക്ടറുടെ ഈ വാക്കുകള്‍ ജില്ലാ സെക്രട്ടറിയെ പ്രകോപിപ്പിച്ചു. അദ്ദേഹം തുടര്‍ന്നു സംസാരിക്കുന്നതിനിടയില്‍ കളക്ടര്‍ മൊബൈല്‍ഫോണ്‍ ലൗഡ്‌സ്​പീക്കറിലിട്ടു.

പിന്നീടദ്ദേഹം ദേഷ്യത്തോടെത്തന്നെ പറഞ്ഞു: ''വൃത്തികെട്ട കളക്ടറാണെങ്കില്‍ എന്നെ മാറ്റിക്കോളൂ. സി.പി.എം. ജില്ലാ സെക്രട്ടറിയാണല്ലോ താങ്കള്‍.'' ശശീന്ദ്രന്‍ പിന്നെയും തുടര്‍ന്നപ്പോള്‍ 'കളക്ടറോടാണ് സംസാരിക്കുന്നതെന്ന് ഓര്‍മവേണ'മെന്നു പറഞ്ഞ് കളക്ടര്‍ ഫോണ്‍ കട്ട് ചെയ്തു. ജില്ലാ സെക്രട്ടറിയുടെ ആവശ്യമെന്തെന്ന് വെളിപ്പെടുത്താന്‍ കളക്ടര്‍ തയ്യാറായില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/