വാതകപൈപ്പ്‌ലൈന്‍ പദ്ധതി: അനിശ്ചിതമായ കാത്തിരിപ്പ് വയ്യ-ഇറാന്‍

Posted on: 10 Feb 2010



ന്യൂഡല്‍ഹി: ഇറാന്‍-പാകിസ്താന്‍-ഇന്ത്യ വാതകപൈപ്പ്‌ലൈന്‍ പദ്ധതിക്കായി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. പദ്ധതി ചര്‍ച്ചകളുമായി ഇറാനും പാകിസ്താനും ഏറെ മുന്നോട്ടു പോയെന്നും ഇന്ത്യക്കുവേണ്ടി വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ സയിദ് മെഹ്ദി നബിസാദെ പറഞ്ഞു. എന്നാല്‍ സമയപരിധിക്ക് ഒരവസാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍നിന്ന് പ്രകൃതിവാതകം പാകിസ്താന്‍വഴി ഇന്ത്യയിലെത്തിക്കുന്ന പദ്ധതി 1995ലാണ് വിഭാവനം ചെയ്തത്. എന്നാല്‍ പാകിസ്താന്‍വഴി വാതകമെത്തിക്കാന്‍ പാക് സര്‍ക്കാര്‍ വന്‍കടത്തുതുക ചോദിക്കുന്നതും സുരക്ഷാപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഇന്ത്യ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. അതേസമയം, ഇറാനും പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ പദ്ധതി നടപ്പാക്കുന്നതിനടുത്തുവരെ എത്തുകയും ചെയ്തു. ത്രിരാഷ്ട്രതലത്തില്‍ത്തന്നെ പദ്ധതി സമീപഭാവിയില്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/