കൊല്ലം-പുനലൂര്‍ ബ്രോഡ്‌ഗേജ് ലൈന്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
Posted on: 10 Feb 2010
ന്യൂഡല്‍ഹി: കൊല്ലം-പുനലൂര്‍ ബ്രോഡ്‌ഗേജ് ലൈന്‍ നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. ബ്രോഡ്‌ഗേജിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദും, റെയില്‍വേ ബോര്‍ഡ് എന്‍ജിനീയറിങ് അംഗം രാകേഷ് ശര്‍മയുമാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്.
മാര്‍ച്ച് 31നകം നിര്‍മാണം പൂര്‍ത്തിയായാല്‍ റെയില്‍വേ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകും. ഈ ലൈനിന്റെ രണ്ടാംഘട്ടമായ പുനലൂര്‍-ചെങ്കോട്ട ഭാഗത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി രാകേഷ് ശര്‍മ പറഞ്ഞു. ഇതിന്റെ നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാവും.
കൊല്ലത്ത് യാത്ര അവസാനിക്കുന്ന എല്ലാ ഷട്ടില്‍ തീവണ്ടികളും പുനലൂര്‍വരെ നീട്ടണമെന്നും പുനലൂരില്‍ നിന്നു ഗുരുവായൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam