അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയില്‍ 350 ആദിവാസികുടുംബങ്ങള്‍

കല്പറ്റ: വെള്ളാരംകുന്നില്‍ ജനതാദള്‍ (എസ്) സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള കാഡ്ബറി എസ്റ്റേറ്റില്‍ കയ്യേറ്റക്കാരായ ആദിവാസികുടുംബങ്ങളുടെ എണ്ണം 350 ആയി.
തിങ്കളാഴ്ച രാവിലെയാണ് എ.കെ.എസ്സിനെ മുന്‍നിര്‍ത്തി സി.പി.എം. ഭൂമി കയ്യേറിയത്. തിങ്കളാഴ്ച ഇരുനൂറിലേറെ കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ചൊവ്വാഴ്ച കൃഷ്ണഗിരിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കാപ്പിത്തോട്ടത്തില്‍നിന്ന് ഒഴിപ്പിച്ച ആദിവാസികളും വെള്ളാരംകുന്നിലെത്തി. രാവിലെ മുതല്‍ കുടിലുകളുടെ നിര്‍മാണവും തുടങ്ങി. കുടിലുകെട്ടുന്നതിനായി ജോര്‍ജ് പോത്തന്‍ താമസിക്കുന്ന വീടിന് തൊട്ടുമുന്നില്‍ വരെ കാപ്പി, കൊക്കോ ചെടികള്‍ വെട്ടിമാറ്റി.
കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി. രാമയ്യ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സമരഭൂമി സന്ദര്‍ശിച്ചു. എ.കെ.എസ്. സംസ്ഥാന സെക്രട്ടറി കെ.സി. കുഞ്ഞിരാമന്‍ എം.എല്‍.എ., കെ.എസ്.കെ.ടി.യു. സംസ്ഥാന ട്രഷറര്‍ എം.വി. ഗോവിന്ദന്‍, സി. ഭാസ്‌കരന്‍ തുടങ്ങിയവരും സംസാരിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. സുഗതന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. മധു, ജോ. സെക്രട്ടറി പി.എം. സന്തോഷ്‌കുമാര്‍, എ.കെ.എസ്. ജില്ലാ സെക്രട്ടറി പി. വാസുദേവന്‍, പ്രസിഡന്റ് സീതാബാലന്‍ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്കിയത്. സീതാബാലന്‍ ഉള്‍പ്പെടെ 18 ആദിവാസികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.