എതിരില്ല; ഗഡ്കരി ബി.ജെ.പി. അധ്യക്ഷനായി

Posted on: 10 Feb 2010



ന്യൂഡല്‍ഹി: രാജ്‌നാഥ്‌സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബി.ജെ.പി.യുടെ ദേശീയ അധ്യക്ഷ പദവി വഹിക്കുന്ന നിതിന്‍ ഗഡ്കരിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ചൊവ്വാഴ്ച ഔദ്യോഗികമായി തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ജനറല്‍ സെക്രട്ടറി തവര്‍ചന്ദ് ഗഹ്‌ലോട്ടാണ് പാര്‍ട്ടി ആസ്ഥാനത്ത് ഈ പ്രഖ്യാപനം നടത്തിയത്. സംഘപരിവാറില്‍നിന്ന് ബി.ജെ.പി.യിലെത്തിയ ഗഡ്കരി മഹാരാഷ്ട്ര ഘടകംഅധ്യക്ഷനായിരുന്നു. ദേശീയാധ്യക്ഷപദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 52 കാരനായ ഗഡ്കരി.

ബി.ജെ.പി.യുടെ പതിമ്മൂന്ന് സംസ്ഥാന ഘടകങ്ങളും പാര്‍ട്ടി പരമാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡും നിതിന്‍ ഗഡ്കരിയുടെ പേര് ഏകകണ്ഠമായാണ് നിര്‍ദേശിച്ചതെന്ന് തവര്‍ചന്ദ് ഗഹ്‌ലോട്ട് അറിയിച്ചു. തിരഞ്ഞെടുപ്പു സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി അദ്ദേഹം ഗഡ്കരിക്ക് കൈമാറി.

മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനി, സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്, പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ്, മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി തന്നെ ഏല്പിച്ചിരുക്കുന്നതെന്ന് ഗഡ്കരി പ്രതികരിച്ചു. ''ഈ കസേരയില്‍ മുന്‍പിരുന്നത് അടല്‍ബിഹാരി വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും പോലുള്ള പ്രഗല്ഭരാണ്. അവരുടെ പിന്‍ഗാമിയായി ഈ പദവിയിലെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം, ആഭ്യന്തരസുരക്ഷ എന്നിവയായിരിക്കും വരും ദിവസങ്ങളില്‍ ബി.ജെ.പി. മുന്നോട്ടു വെക്കുന്ന സുപ്രധാനമായ പ്രചാരണപരിപാടികളെന്ന സൂചനയും അദ്ദേഹം നല്‍കി.

ആര്‍.എസ്.എസ്സിന്റെ നിര്‍ദേശപ്രകാരം ബി.ജെ.പി.യുടെ അധ്യക്ഷപദവിയിലെത്തിയ ഗഡ്കരിയെ സംബന്ധിടത്തോളം തിരഞ്ഞെടുപ്പു തികച്ചും ഔപചാരികമായ ചടങ്ങുമാത്രമായിരുന്നു. ബി.ജെ.പി. ഭരണഘടന പ്രകാരം പകുതിയോളം സംസ്ഥാന ഘടകങ്ങളിലെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായതിനു ശേഷം മാത്രമേ അധ്യക്ഷനെ ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. ഇപ്പോള്‍ 19 സംസ്ഥാനങ്ങളിലെ സംഘടന തിരഞ്ഞെടുപ്പു പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അടുത്താ ഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗം അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ശരിവെക്കും. മൂന്നുവര്‍ഷം മുമ്പ് ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗമാണ് ഇടക്കാലത്ത് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പാര്‍ലമെന്ററി ബോര്‍ഡ് തിരഞ്ഞെടുത്ത രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷപദവി അംഗീകരിച്ചത്. മുതിര്‍ന്ന നേതാവ് അടല്‍ ബിഹാരി വാജ്‌പേയി അവസാനമായി പങ്കെടുത്ത ബി.ജെ.പി. പൊതുയോഗം കൂടിയായിരുന്നു അത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/