ബംഗാള്‍ സര്‍ക്കാര്‍ മുസ്‌ലിങ്ങളെ വിഡ്ഢികളാക്കുന്നു-ബി.ജെ.പി.

Posted on: 10 Feb 2010



ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തിനു പ്രഖ്യാപിച്ച പത്തു ശതമാനം സംവരണം ആന്ധ്രയിലേതുപോലെ കോടതി റദ്ദാക്കുമെന്ന് ബി.ജെ.പി. നേതൃത്വം അഭിപ്രായപ്പെട്ടു. ബംഗാള്‍ സര്‍ക്കാറിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ തീരുമാനമെന്ന് ബി.ജെ.പി. ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു.

കോണ്‍ഗ്രസ്സിനു പുറകെ കമ്യൂണിസ്റ്റുകാരും ഇപ്പോള്‍ മുസ്‌ലിങ്ങളെ വിഡ്ഢികളാക്കുന്നു. അരനൂറ്റാണ്ടായി കോണ്‍ഗ്രസ്സുകാര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കി മുസ്‌ലിം വിഭാഗത്തെ തങ്ങളുടെ വലയില്‍ നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും മുസ്‌ലിങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിലാണ്. മതങ്ങളോട് 'അലര്‍ജി' കാട്ടുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ മതസംവരണം ഏര്‍പ്പെടുത്തുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംവരണം അന്‍പതു ശതമാനത്തിലധികമാകരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. തങ്ങളുടെ സംവരണ പ്രഖ്യാപനം കോടതിക്കു സ്വീകാര്യമാവില്ലെന്ന് ബംഗാള്‍ സര്‍ക്കാറിനു തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ മുസ്‌ലിം വിഭാഗത്തിന് നാലുശതമാനം തൊഴില്‍ സംവരണം നല്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/