മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള മൂന്നു മലയാളികള്‍ക്ക് പുരസ്‌കാരം

Posted on: 10 Feb 2010



മുംബൈ: ഡോക്യുമെന്ററി, ഹ്രസ്വ ആനിമേഷന്‍ ചിത്രങ്ങളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു മലയാളികള്‍ക്ക് പുരസ്‌കാരം.

നവാഗത സംവിധായകനുള്ള അവാര്‍ഡ് മുത്തങ്ങ സംഭവത്തെ മുന്‍നിര്‍ത്തി ഷാജി പട്ടണം സംവിധാനം ചെയ്ത 'ദ ഹോണ്ടഡ് സര്‍ച്ച് ഓഫ് ഹോം ആന്‍ഡ് ഹോപ്' എന്ന ചിത്രവും ഫിക്ഷന്‍ വിഭാഗത്തില്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'ആര്‍ യു ലിസണിങ്' (കേള്‍ക്കുന്നുണ്ടോ) എന്ന ചിത്രവും വിനു ചോളിപറമ്പില്‍ സംവിധാനം ചെയ്ത മറാഠി ഫിക്ഷന്‍ ചിത്രമായ 'വിത്തലും' സമ്മാനം നേടി.

ഷാജി പട്ടണത്തിന് ഒരുലക്ഷം രൂപയും ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന ട്രോഫിയും ലഭിച്ചു. ഗീതു മോഹന്‍ദാസിന്റെ കേള്‍ക്കുന്നുണ്ടോ എന്ന ചിത്രം ജൂറിയുടെ സ്‌പെഷല്‍ മെന്‍ഷന്‍ അംഗീകാരം നേടി.

മലയാളിയായ വിനു ചോളിപറമ്പില്‍ സംവിധാനം ചെയ്ത മറാഠി ചിത്രമായ വിത്തല്‍ രജതശംഖും 1,50,000 രൂപയും നേടി. ഇരിങ്ങാലക്കുട ചോളിപറമ്പില്‍ കുടുംബാംഗമായ പുഷ്പചന്ദ്രന്റെയും പ്രഭാവതിയുടെയും മകനായ വിനുവിന്റെ ആദ്യചിത്രമാണിത്. ഇതിലെ അഭിനയത്തിന് ബാലതാരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരത്തിന് ഒരു ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ടിബറ്റന്‍ പ്രശ്‌നത്തെ സംബന്ധിച്ചുള്ള ദ സണ്‍ ബിഹൈന്‍ഡ് ദ ക്ലൗഡ്‌സ്, 17 ആഗസ്ത്, അന്‍വാര്‍, ഡ്രീംസ് ഓഫ് ഡാര്‍ക്ക് നൈറ്റ്, വെഗാ ബോങ്, ഐ ഫൗണ്ട് ത്രെഡ്, ബര്‍മ വി.ജെ., റിപ്പോര്‍ട്ടിങ് ഫ്രം ദി ക്ലോസ്ഡ് കണ്‍ട്രി, കര്‍ഷകമരണങ്ങളെ സംബന്ധിച്ചുള്ള ദീപ ഭാട്ടിയയുടെ നീറോസ് ഗസ്റ്റഡ്, ബീജിങ്ക്‌സ്ഡ്, വെയ്റ്റ് ആന്‍ഡ് പാത്ത്, റാ, ഉക്കിഡി പക്കിടി എന്നീ ഡോക്യുമെന്ററികളും വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം നേടിയിട്ടുണ്ട്.

മുംബൈയില്‍ എന്‍.സി.പി.എ.യില്‍ നടന്ന സമാപന ചടങ്ങില്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/