ഷാരൂഖ് ചിത്രത്തിന് പോലീസ് സംരക്ഷണം

Posted on: 10 Feb 2010



മുംബൈ: ഷാരൂഖ്ഖാന്റെ 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററുകള്‍ക്കു മുമ്പില്‍ ശിവസേനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി. മുളുണ്ടിലെ 'മെഹുല്‍' സിനിമയുടെ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കാഞ്ചൂര്‍മാര്‍ഗിലെ 'ഹുമ' സിനിമയ്ക്ക് മുമ്പില്‍ ശിവസേനക്കാര്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഘാട്ട്‌കോപ്പറിലെ ആര്‍. സിറ്റി മാളിനു മുമ്പിലും സേനാ പ്രവര്‍ത്തകര്‍ തടിച്ചുകൂടി ഷാരൂഖ്ഖാനെതിരെ മുദ്രാവാക്യം മുഴക്കി. സംഭവങ്ങളുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റു ചെയ്തതായി അഡീഷണല്‍ പോലീസ്‌കമ്മീഷണര്‍ റിതേഷ്‌കുമാര്‍ പറഞ്ഞു. ഷാരൂഖ്ഖാനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് അവസാനിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പുനല്‍കി.

എന്നാല്‍, 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മതിയായ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക്ചവാനും സിറ്റി പോലീസ് കമ്മീഷണര്‍ ഡി. ശിവാനന്ദനും ഉറപ്പുനല്‍കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹറും ഷാരൂഖ്ഖാനും സിറ്റിപോലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സിറ്റിപോലീസ്‌കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക്ചവാനും അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാരും പ്രദര്‍ശകരും മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ.പി.എല്‍. മത്സരങ്ങളില്‍ പാകിസ്താന്‍താരങ്ങളെ ഉള്‍പ്പെടുത്തണമെന്നുള്ള ഷാരൂഖ്ഖാന്റെ പ്രസ്താവനയെത്തുടര്‍ന്ന് ശിവസേന അദ്ദേഹത്തിനെതിരെ രംഗത്തുവരികയായിരുന്നു. ഷാരൂഖിന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ് ഖാന്‍' പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബാല്‍താക്കറെ മുന്നറിയിപ്പുനല്‍കിയിരുന്നു. പിന്നീട് ബാല്‍താക്കറെ നിലപാട് മാറ്റിയിരുന്നു. ഷാരൂഖ്ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ എന്തു വേണമെങ്കിലും ഷാരൂഖ് ചെയേ്താട്ടെ എന്ന് സാമ്‌ന ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ താക്കറെ പറയുകയുണ്ടായി. എന്നിരുന്നാലും ശിവസേനാപ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടെ ബാല്‍താക്കറെയെ കാണുമോ എന്ന ചോദ്യത്തിന് ഷാരൂഖും ജോഹറും മറുപടിപറഞ്ഞില്ല
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/