മലിനീകരണനിയന്ത്രണ ബോധം വളര്‍ത്തണം
Posted on: 10 Feb 2010
ഡോ. എസ്.സീതാരാമന്‍
മനുഷ്യനുള്‍പ്പെടെയുള്ള മുഴുവന്‍ ജീവജാലങ്ങളും നിലനില്പിനും വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും വേണ്ടതെല്ലാം പ്രകൃതിയില്‍ നിന്നാണെടുക്കുന്നത്. മറ്റെല്ലാ ജീവികളും പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുമ്പോള്‍ മനുഷ്യന്‍ സ്വന്തംപ്രതിഭ ഉപയോഗിച്ച് ജീവിതത്തിന് രൂപം കൊടുക്കുന്നു. എണ്ണത്തിലുണ്ടായ വര്‍ധനവിയോടൊപ്പം ജീവിത രീതികളിലുണ്ടായ മാറ്റങ്ങളും മനുഷ്യനെ വിഭവ സമാഹരണ ശൈലിയില്‍ നിന്നും വിഭവോത്പാദന ശൈലിയിലേക്ക് പരിണമിപ്പിച്ചു.
ഇതാണ് ശാസ്ത്ര, സാങ്കേതിക രംഗങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചത്. ജീവിതാവശ്യങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച് കൂടുതലായി വസ്തുക്കള്‍ ഉത്പാദിപ്പിക്കേണ്ട ആവശ്യം വന്നുചേര്‍ന്നു. ഇത് പ്രകൃതി വിഭവങ്ങളെ കൂടുതല്‍ കൂടുതലായി വിനിയോഗിക്കുന്നതിലേക്കെത്തി. ഇപ്രകാരം ജീവിതം സങ്കീര്‍ണമാകുന്നതോടുകൂടിയാണ് മലിനീകരണമെന്ന പ്രക്രിയ ആരംഭിക്കുന്നത്. തങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രകൃതിയിലേക്കു തന്നെ ഉപേക്ഷിക്കുന്നരീതി എല്ലാ ജീവജാലങ്ങള്‍ക്കും ആദിമകാലം മുതല്‍ക്കേ ഉണ്ടായിരുന്നിരിക്കണം.
അത്തരം മാലിന്യങ്ങളെയൊക്കെ ഉള്‍ക്കൊള്ളാനും സംസ്‌കരിക്കാനുമുള്ള കഴിവ് പ്രകൃതിക്ക് സ്വന്തമായി ഉണ്ടായിരുന്നു. ക്രമാതീതമായിരുന്ന ജനസംഖ്യാ വര്‍ധനയും ആനുപാതികമായി ഉപഭോഗത്തിലുണ്ടായ വര്‍ധനയും വൈവിധ്യവത്കരണവും മലിനീകരണത്തിന്റെ അളവിലും സ്വഭാവത്തിലും വ്യത്യാസങ്ങളുണ്ടാക്കി. ഈ പ്രക്രിയ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രകൃതിയുടെ സ്വയം ശുദ്ധീകരണശേഷിയും ശോഷിക്കുകയായിരുന്നു. അങ്ങനെയാണ് മലിനീകരണം ഗുരുതരമായ പ്രശ്‌നമായി രൂപം കൊള്ളുന്നത്. ഇന്ന് പ്രകൃതിക്ക് താങ്ങാവുന്നതിലധികമായി അത് വളര്‍ന്നു കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ വന്‍ വ്യവസായശാലകള്‍ ആലുവ, എറണാകുളം, എടയാര്‍, ഏലൂര്‍ മേഖലകളില്‍ സ്ഥിതിചെയ്യുന്നു. ഇവ 1945-ല്‍ തന്നെ സ്ഥാപിക്കപ്പെട്ടതും ചിലത് പിന്നീട് വന്നതുമാണ്. ഇവയെല്ലാം മലിനീകരണത്തിന് കേട്ടുകേള്‍വി ഉള്ളതായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. തിരുവനന്തപുരത്തുള്ള ടൈറ്റാനിയം കമ്പനി കാലങ്ങളായി സമുദ്രത്തിലേക്ക് ഫെറസ് സള്‍ഫേറ്റ് തള്ളിക്കൊണ്ടിരിക്കുന്നു. കടല്‍ മലിനീകരണത്തിനും ജല വൈവിധ്യം നശിപ്പിക്കുവാനും ഇതുകാരണമാണ്. ബാക്കിവരുന്ന സള്‍ഫ്യൂരിക്കാസിഡും ഇതുപോലെത്തന്നെ ജലസ്രോതസ്സില്‍ ചേരുന്നതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്.
കൊല്ലത്തെ കെ.എം.എം.എല്ലില്‍ നിന്നു രാസപദാര്‍ഥങ്ങള്‍ ജലസ്രോതസ്സുകളിലേക്കും ഹൈഡ്രജന്‍ ക്ലോറൈഡ് വായുവിലേക്കും ചേരുന്നുണ്ട്. ഏറ്റവും കൂടുതല്‍ വന്‍ വ്യവസായശാലകളും ചെറുകിട വ്യവസായശാലകളും സ്ഥിതിചെയ്യുന്നതുമൂലം കൊച്ചി നഗരം ഇന്ത്യയില്‍ത്തന്നെ വളരെ കൂടുതല്‍ മലിനീകരണമുള്ള പ്രധാന നഗരങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്.
ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പെരിയാര്‍ നദീതീരത്ത് ചെറുതും വലുതുമായി 245 വ്യവസായശാലകള്‍ സ്ഥിതിചെയ്യുന്നു. ഇതില്‍ കൂടുതല്‍ വ്യവസായങ്ങളും മാരക രാസവസ്തുക്കള്‍ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ഈ തലമുറയെ ഇഞ്ചിഞ്ചായികൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്.
എഫ്.എ.സി.ടി., ടി.സി.സി, എച്ച്.ഐ.എല്‍, ഐ ആര്‍.ഇ.ബി.എല്‍.എല്‍., മെര്‍ക്കം- സി.എം.ആര്‍.എല്‍. എന്നിവ ജലമലിനീകരണത്തിന് എല്ലാതരത്തിലും ഉത്തരവാദികളാണ്. ഈ വ്യവസായശാലകളില്‍ നിന്നുള്ള അന്തരീക്ഷമലിനീകരണം വളരെ രൂക്ഷമാണ്. കൊച്ചിയില്‍ ഇടവിട്ടുണ്ടാകുന്ന ഫോഗ്, രൂക്ഷഗന്ധം എന്നിവ വായു മലിനീകരണത്തിന്റെ ഭാഗമാണ്. ഈ വ്യവസായങ്ങളില്‍ നിന്നും സള്‍ഫര്‍ ഡയോക്‌സൈഡ് , നൈട്രജന്‍ ഡയോക്‌സൈഡ്, അമോണിയ, ഹൈഡ്രജന്‍ ക്ലോറൈഡ് എന്നിവയുടെ അന്തര്‍വ്യാപനം ഏതാണ്ട് 25 കി.മീ. ചുറ്റളവില്‍ എത്താറുണ്ട്. ഇവയെല്ലാം തന്നെ വര്‍ധിച്ചതോതില്‍ മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കൂടാതെ അമ്ലമഴയും. പ്രദേശ വാസികള്‍ ശ്വാസകോശരോഗങ്ങള്‍ക്കും പലതരത്തിലുള്ള കാന്‍സര്‍ രോഗത്തിനും അടിമപ്പെട്ടിരിക്കുന്നു.
ഇവിടെയുള്ള വളര്‍ത്തുമൃഗങ്ങളും പലതരത്തിലുള്ള രോഗങ്ങള്‍ ഉള്ളവയും അവയുടെ മുട്ട, മാംസം കഴിക്കുന്നവര്‍ക്ക് മറ്റുരോഗങ്ങള്‍ വന്നെത്തുന്നതുമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം അന്തരീക്ഷ മലിനീകരണം ഉള്ള സ്ഥലങ്ങളില്‍ ഫോട്ടോ കെമിക്കല്‍ സ്‌മോഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രദേശവാസികള്‍ക്കും വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കും കൊച്ചി നഗരത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ ശ്വാസകോശ രോഗങ്ങളും ആസ്ത്മ രോഗങ്ങളും ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാറാത്ത രോഗങ്ങളുള്ള കുട്ടികളെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ താമസംമാറ്റി ദൂരെ പോകുവാന്‍ ഉപദേശിച്ചുവരുന്നു. പല പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഓക്‌സിജന്റെ അളവ് സാധാരണയില്‍ നിന്ന് കുറവായതായും രേഖപ്പെടുത്തിയിരിക്കുന്നു.
പല വ്യവസായശാലകളില്‍ നിന്നും നിര്‍ഗമിക്കുന്ന മാലിന്യങ്ങള്‍ വ്യത്യസ്തമാണ്. അവയുടെ ട്രീറ്റ്‌മെന്റ് വ്യത്യസ്തമായി വേണം നടത്തുവാന്‍. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിന് ശരിയായ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നില്ല. പല വ്യവസായശാലകളിലും പരിശോധനയ്ക്ക് വരുമ്പോള്‍ മാത്രമേ മലിനീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. ഇതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവാദിത്വം പൂര്‍ണമായും നടപ്പാക്കാത്തതിന്റെ ഭാഗമാണ്.
ഏലൂര്‍, എടയാര്‍ മേഖലയിലെ എല്ലാ മാലിന്യവും ഏറ്റുവാങ്ങുന്നത് ലക്ഷക്കണക്കിന് കുടിവെള്ളം നല്‍കുന്ന പെരിയാറാണ്. നദീജലത്തില്‍ 'കോക്‌ടെയില്‍ പോയിസണ്‍സ് ' എന്നുപറയുന്ന തരത്തില്‍ മാലിന്യം എത്തിയിരിക്കുന്നു. അതു അടിത്തട്ടില്‍ മണ്ണിന്റെ താഴേക്ക് എത്തിയിരിക്കും. പെരിയാറിലെ അമ്ലനില (ജഃ) 3 മുതല്‍ 5 വരെ എത്തുന്നുണ്ട്. കൂടാതെ സള്‍ഫേറ്റ്, ഫോസ്‌ഫേറ്റ്, ക്ലോറൈഡ്, നൈട്രേറ്റ്, അമോണിയ, മാരകമായ റബര്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, ഘനലോഹങ്ങള്‍, എണ്ണ, ഗ്രീസ് തുടങ്ങി അനവധി രാസപദാര്‍ഥങ്ങള്‍ വിവിധ കമ്പനികളില്‍ നിന്ന് പ്രവഹിക്കുന്നു.
തീരത്ത് തുടങ്ങി ചുറ്റുഭാഗങ്ങളിലുള്ള കിണറുകളിലേക്കും ഭൂഗര്‍ഭജലത്തിലും പ്രവേശിക്കുന്നു. ഇവിടെയുള്ള വ്യവസായശാലകളില്‍ നിന്നും തുകല്‍ സംസ്‌കരണ മാലിന്യങ്ങളും മറ്റൊരു കമ്പനിയില്‍ നിന്നും ഫെറസ് ക്ലോറൈഡ്, ഫെറിക് ക്ലോറൈഡ്, പുഴയില്‍ കലര്‍ന്ന് പെരിയാര്‍ ജലം പല നിറങ്ങളിലായി മാറുന്നു.
പെരിയാറിലുള്ള മത്സ്യസമ്പത്ത് വലിയതോതില്‍ നഷ്ടപ്പെട്ടിരിക്കുന്നു. രാസമലിനീകരണത്തിന്റെ പ്രത്യാഘാതം കായല്‍ പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളെയും പട്ടിണിയിലേക്ക് നയിച്ചിരിക്കുകയാണ്. കന്നുകാലികള്‍ വെള്ളം കുടിക്കുമ്പോള്‍ രോഗങ്ങള്‍ വരുന്നത് മാത്രമല്ല ചിലപ്പോള്‍ ചത്തുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സ്യഹത്യ സാധാരണമാണ്.
ഈയിടെ എറണാകുളത്ത് ഒരുആസ്പത്രിയില് പ്രവേശിച്ച രോഗിയുടെ നില വളരെ മോശമായി ഐ.സി.യു. വില്‍ പ്രവേശിപ്പിച്ചു. കാരണം പരിശോധിച്ചതില്‍ മത്സ്യം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന മെര്‍ക്കുറിയുടെയും ലെഡിന്റെയും വിഷമാണെന്നാണ് കണ്ടത്.
നമ്മുടെ ജലസ്രോതസ്സില്‍ പരിശോധന നടത്തുമ്പോള്‍ ഘനലോഹങ്ങളായ മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ഇരുമ്പ് , മാംഗനീസ്, സിങ്ക് എന്നിവ മാലിന്യങ്ങളായി അടിഞ്ഞുകൂടിയതായി കാണാം.
പല മാരകമായ അസുഖങ്ങളുടെയും ഉറവിടമാണ് ഘനലോഹങ്ങള്‍. പെയിന്റ് ഉണ്ടാക്കുന്ന വ്യവസായങ്ങള്‍, അയിരുകള്‍ വേര്‍തിരിക്കുന്ന വ്യവസായങ്ങള്‍, ബാറ്ററി കമ്പനികള്‍, ടൈറ്റാനിയം ഡയോക്‌സൈഡ് കമ്പനികള്‍, കീടനാശിനികള്‍ നിര്‍മിക്കുന്ന വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇവ പുറത്തുവരുന്നത്.
കേരളത്തിലുടനീളം മെറ്റല്‍ ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നു. മഴക്കാലത്ത് വലിയപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും വര്‍ഷത്തില്‍ ആറു മാസത്തേക്ക് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് ഇവയുടെ പ്രവര്‍ത്തനം ദുസ്സഹമാണ്. കാരണം ഇവയില്‍നിന്നു വരുന്ന കണികകള്‍ വളരെ ചെറുതും വലുതുമായി കാണാം. ചെറിയ കണികകള്‍ 0.2ഡ (മൈക്രോണ്‍) മുതല്‍ 0.5ഡ (മൈക്രോണ്‍) വരെയുള്ളവ നാസാദ്വാരത്തില്‍ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കാത്തതിനാല്‍ നേരെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നു. ഇത് ശ്വാസകോശ പഴുപ്പ് -ശ്വാസ തടസ്സം തുടങ്ങിയവ സൃഷ്ടിക്കുന്നു. സിലിക്കോസിസ് എന്ന അസുഖം ഇതില്‍ നിന്നുമാണ് വരുന്നത്. പൊടി നിയന്ത്രിക്കാന്‍ വെള്ളം സ്‌പ്രേ ചെയ്യണമെന്നതൊന്നും ആരും പാലിക്കുന്നില്ല, കൂടാതെ ശബ്ദ മലിനീകരണവും.
സംസ്ഥാനത്ത് തുകല്‍ വ്യവസായ കേന്ദ്രങ്ങള്‍ കുറവാണെങ്കിലും ധാരാളം തുകല്‍ കശാപ്പു ശാലകളില്‍ നിന്നും ലഭിക്കുന്നുണ്ട്. തുകല്‍ സംസ്‌കരണത്തിന്റെ ആദ്യപടിയായ തുകല്‍ ഊറയ്ക്കിടല്‍ ചെറുകിടവ്യവസായമായി നടക്കുന്നു. കശാപ്പുശാലയില്‍ നിന്നു ലഭിക്കുന്ന മൃഗങ്ങളുടെ തോല്‍, ഉപ്പ് കലര്‍ത്തി മടക്കിവെച്ച് മാസങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അതിലെ മാംസാവശിഷ്ടങ്ങള്‍ മാറുന്നു. പക്ഷേ, ഈ പ്രക്രിയയില്‍ ചീഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധവും ഉപ്പ് ചേര്‍ന്ന വെള്ളവും ജലസ്രോതസ്സുകളായ കിണറുകളിലും കുളങ്ങളിലും എത്തുന്നു; പുറമെ ശല്യമാകുന്ന നാറ്റവും.
പുതിയ സമ്പ്രദായത്തിലുള്ള അരിമില്ലുകള്‍ വന്‍തോതില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ മലിനീകരണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് കാലടി, ഒക്കല്‍, കൂവപ്പടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ ഈ മില്ലുകളില്‍ നിന്നു ബഹിര്‍ഗമിക്കുന്ന അഴുക്കുജലം തോടുകള്‍, കുളങ്ങള്‍, കിണറുകള്‍, പുഴ എന്നിവയെ സാരമായി മലിനീകരിക്കുന്നു. ഈ അഴുക്കുജലത്തില്‍ കീടനാശിനിയും മറ്റു ജൈവമാലിന്യവും ഉള്‍ക്കൊള്ളുന്നതുമൂലം പല സ്ഥലങ്ങളിലും പുഴയില്‍ കുളിക്കുന്നത് വളരെ ദുസ്സഹമായി തീര്‍ന്നിരിക്കുന്നു.
പലതരത്തിലുള്ള പ്ലാസ്റ്റിക് വ്യവസായം സംസ്ഥാനത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 'ന്ദറിുീഹ്ൃീ നടത്തുന്നവ, കാരി ബാഗുകള്‍ ഉണ്ടാക്കുന്നവ, റീ സൈക്ലിങ് നടത്തുന്നവ തുടങ്ങി വിവിധ തരത്തിലുണ്ട്. റീ സൈക്ലിങ് നടത്തുന്നവയെല്ലാംതന്നെ ജനങ്ങള്‍ക്ക് ഭീഷണിയാണ്. പല ഭാഗങ്ങളിലും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. പഴയ പ്ലാസ്റ്റിക്കില്‍ ഉള്ള മാലിന്യ വസ്തുക്കള്‍ പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ ഉണ്ടാക്കുന്ന മാരക വിഷവസ്തുക്കളുടെ അന്തരീക്ഷ മലിനീകരണം പലവിധ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം വ്യവസായങ്ങള്‍ പലതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് . പ്ലാസ്റ്റിക്കിന്റെ മോള്‍ഡിങ്ങില്‍ ചേര്‍ക്കുന്ന പല വസ്തുക്കളും കാന്‍സറിന് വഴിതെളിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.
ജനസാന്ദ്രത വളരെ കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് മാലിന്യ നിര്‍മാര്‍ജനം വളരെ ക്ലേശകരമായതുമൂലം ഭക്ഷ്യ കറിപൗഡര്‍ വ്യവസായമായാലും അച്ചാര്‍ വ്യവസായമായാലും മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. മലിനീകരണത്തോത് കൂടുന്നതനുസരിച്ച് ടൂറിസത്തെ ബാധിക്കും. ആസ്പത്രി വ്യവസായം വളരുകയും ചെയ്യും. മലിനീകരണ നിയന്ത്രണങ്ങള്‍ സ്വമേധയാ നടപ്പാക്കാനുള്ള ഒരു മാനസികാവസ്ഥയും ഉത്തരവാദിത്വവും ഉണ്ടാകുകയാണെങ്കില്‍ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് ശുദ്ധവായുവും ശുദ്ധജലവും ലഭ്യമാകുകയുള്ളൂ.
(ലേഖകന്‍ ആലുവ പരിസ്ഥിതി സംരക്ഷണ സംഘം
സെക്രട്ടറിയാണ്)