ഹക്കിമുള്ളയുടെ മരണം: ആശയക്കുഴപ്പം തുടരുന്നു

Posted on: 10 Feb 2010



ഇസ്‌ലാമാബാദ്: പാകിസ്താന്‍ താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സുദിന്റെ മരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഈ ജനവരിയില്‍ യു.എസ്. വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഹക്കിമുള്ള കറാച്ചിയിലേക്കു കൊണ്ടുപോകുമ്പോള്‍ മരിച്ചെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഔദ്യോഗിക വക്താവ് അസംതാരീഖ് വാര്‍ത്ത നിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകരോട് തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവാണ് ഹക്കിമുള്ള മരിച്ചതായി അറിയിച്ചത്. എന്നാല്‍ ഹക്കിമുള്ള സുഖമായി ഇരിക്കുന്നുവെന്ന് താലിബാന്‍വക്താവിനെ ഉദ്ധരിച്ച് പാക് ടി.വി.യും റിപ്പോര്‍ട്ടുചെയ്തു.

ഡിസംബറില്‍ അഫ്ഗാനിസ്താനിലെ സി.ഐ.എ. താവളത്തില്‍ ഇരട്ടച്ചാരനായി വന്നു സ്‌ഫോടനം നടത്തിയ ചാവേറിനു നല്‍കിയ യാത്രയയപ്പില്‍ ഹക്കിമുള്ള പങ്കെടുത്ത ചിത്രം താലിബാന്‍ പുറത്തുവിട്ടിരുന്നു. ഇതിനുശേഷം അമേരിക്ക വ്യോമാക്രമണം ശക്തിപ്പെടുത്തിയതോടെ ഭീകരവേട്ടയില്‍നിന്ന് രക്ഷപ്പെടാന്‍ താലിബാന്‍തന്നെയുണ്ടാക്കിയ തന്ത്രമാണോ പുതിയ മരണവാര്‍ത്തയെന്ന സംശയവുമുണ്ട്. നേരത്തേ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പാക് ഔദ്യോഗിക ടി.വി. ഹക്കിമുള്ള മരിച്ചതായി റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള വിവരം സര്‍ക്കാറിനില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/